

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ സിറ്റിങ് വാർഡ് സിഎംപിക്ക് നൽകിയതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി. ചാലപ്പുറം വാർഡ് സിഎംപിക്ക് നൽകിയതില്‍ അമർഷം പരസ്യമാക്കി കോൺഗ്രസ് നേതൃത്വത്തിനെതിരെ ചാലപ്പുറം മണ്ഡലം കമ്മിറ്റി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു. കോൺഗ്രസിന്റെ പാരമ്പര്യ വാർഡാണ് ചാലപ്പുറം.
കെപിസിസിയിലെ കുലംകുത്തികളെ തിരിച്ചറിയണമെന്ന പരാമർശത്തോടെയാണ് ഫ്‌ളക്‌സ്. 'ഒറ്റുകാരെ തിരിച്ചറിയുക. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ ചാലപ്പുറം വാർഡ് നിലനിർത്താൻ എന്ന പേരിൽ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി മണ്ഡലത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും വഞ്ചിച്ച കെപിസിസിയിലെ കുലംകുത്തികളെ തിരിച്ചറിയുക. വാർഡ് കമ്മിറ്റിയെയും മണ്ഡലം കമ്മിറ്റിയെയും നോക്കുകുത്തിയാക്കി കോൺഗ്രസ് പ്രവർത്തകരെ ആകെ വഞ്ചിച്ച നേതാക്കന്മാരെ ഒറ്റപ്പെടുത്തുക. ശക്തമായി പ്രതിഷേധിക്കുക' എന്നിങ്ങനെയാണ് ഫ്‌ളക്‌സിലെ വാക്കുകൾ.
കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിഎംപിക്ക് രണ്ട് സീറ്റ് നൽകാനാണ് യുഡിഎഫ് തീരുമാനം. കഴിഞ്ഞ ഞായറാഴ്ച ചാലപ്പുറത്ത് നേതാക്കൾ വിമത യോഗം ചേരുകയും വാർഡ് വിട്ടുനൽകരുതെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിന് പ്രാദേശിക നേതൃത്വം കത്ത് നൽകുകയും ചെയ്തിരുന്നു. ഔദ്യോഗിക സീറ്റ് പ്രഖ്യാപനം വരുന്നതോടെ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം.
സംഭവം വിവാദമായതിനെ തുടർന്ന് ഡിസിസി പ്രസിഡന്‍റ്  ഇടപെട്ട് ഫ്‌ളക്‌സ് ബോർഡ്  എടുത്തുമാറ്റി. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷൻ തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് കോൺഗ്രസ്. കോഴിക്കോട് വിജയസാധ്യത അനുകൂലമാണെന്ന നിഗമനത്തിലാണ് നേതൃത്വം, എന്നാൽ ഉയരുന്ന അതൃപ്തി തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 
Content Highlights: Dissatisfaction within the party over Congress' sitting ward in Kozhikode Corporation being given to CMP