

ഇന്ത്യയുടെ വനിതാ താരം ജെമീമ റോഡ്രിഗസിനെതിരായ ട്രോളുകളില്‍ പ്രതികരിച്ച് ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ശിഖ പാണ്ഡെ. വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ സെമി ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സെഞ്ച്വറി നേടിയതിന് പിന്നാലെ ജെമീമ ദൈവത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെമീമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം കുറച്ചുകൂടി കടുത്ത വിമര്‍ശനങ്ങള്‍ ജെമീമയ്ക്ക് നേരിടേണ്ടിവന്നു. ഫൈനലില്‍ വണ്‍ഡൗണായി എത്തിയ താരം 37 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായതാണ് ട്രോളുകളുടെ ആക്കം കൂട്ടിയത്. ഈ സാഹചര്യത്തിലാണ് ജെമീമയെ പിന്തുണച്ച് വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ താരത്തിന്റെ സഹതാരം കൂടിയായ ശിഖ രംഗത്തെത്തിയത്.
'വ്യക്തമായി ഇത് കേള്‍ക്കേണ്ടവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. അതെ, ജെമി ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്. നിങ്ങള്‍ക്ക് അവരോട് അസൂയയുണ്ടെങ്കില്‍ സോറി, ആര്‍ക്കും നിങ്ങളെ സഹായിക്കാന്‍ കഴിയില്ല', ശിഖ പാണ്ഡെ എക്‌സില്‍ കുറിച്ചു.
Just putting this out for anyone who needs to hear the obvious - Yes, Jemi is God’s favourite child and if you are envious..umm..sorry, no one can help you!
— Shikha Pandey (@shikhashauny) November 3, 2025
ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലില്‍ 127 റണ്‍സോടെ പുറത്താകാതെ നിന്ന ജെമീമയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഇന്ത്യയുടെ റെക്കോര്‍ഡ് റണ്‍ ചേസില്‍ അപരാജിത സെഞ്ച്വറിയുമായി നിലയുറപ്പിച്ച ജെമീമ മത്സര ശേഷം ഏറെ വൈകാരികമായി നടത്തിയ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
'ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കും അച്ഛനും കോച്ചിനും എന്നില്‍ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെ താന്‍ കടന്നുപോയി. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്കിപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല,' എന്നായിരുന്നു വിജയത്തിന് പിന്നാലെ ജമീമ പ്രതികരിച്ചത്.
Content Highlights: 'God's favourite child'; Veteran Indian pacer slams Jemimah Rodrigues's trolls