

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കയെ തകരാറിലാക്കുമെന്ന് പറയുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് മാതാപിതാക്കളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
എന്നാൽ ആരും പേടിക്കേണ്ട കാര്യമില്ലെന്നാണ് ലക്‌നൗ കിങ് ജോർജ് മെഡിക്കൽ കോളേജ് പീഡിയാട്രിക്‌സ് ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി ഡോ ഷെല്ലി അവസ്തി പറയുന്നത്. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരില്ലെന്ന് ഡോക്ടർ തീർത്ത് പറയുന്നു. മൂത്രം ആഗീരണം ചെയ്യുക എന്ന് മാത്രമാണ് ഇതിന്റെ ജോലിയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രക്തത്തെ ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്ക. ഡയപ്പറുകൾ ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന യൂറിൻ പിടിച്ചുവയ്ക്കുന്ന വസ്തുവാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുക കൃത്യമായി ഡയപ്പറുകൾ മാറ്റാതിരിക്കുമ്പോൾ മാത്രമാണെന്നും അവസ്ഥി ചൂണ്ടിക്കാട്ടുന്നു. ഓരോ മൂന്ന് - നാലു മണിക്കൂർ കൂടുമ്പോൾ ഡയപ്പറുകൾ മാറ്റണമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
വൃത്തിയില്ലായ്മ യൂറിനറി അല്ലെങ്കിൽ ചർമത്തിലെ അണുബാധയ്ക്ക് കാരണമാകും. കൂടാതെ ചർമത്തിൽ പാടുകൾ ഉണ്ടാകാനും ഇടയുണ്ട്. യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ സ്ഥിരമായി വന്നാൽ അത് നേരിട്ട് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. പക്ഷേ അതിന് ഡയപ്പറിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്താനും സാധിക്കില്ലെന്ന് ഡോക്ടർ പറയുന്നു.
മുതിർന്നവരിലും വലിയ കുട്ടികളിലും കാണുന്നതിനെക്കാൾ വ്യത്യസ്തമായ രീതിയിലാണ് കുട്ടികളിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ കാണപ്പെടുന്നത്. പനി, അസ്വസ്ഥത, ഭക്ഷണം കഴിക്കാതിരിക്കുക, മൂത്രത്തിന് ദുർഗന്ധം കൂടുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ. ഇത്തരം അവസ്ഥയിൽ കൂടുതൽ ശ്രദ്ധ കുട്ടികൾക്ക് നൽകണം. ഇല്ലെങ്കിൽ ഈ അവസ്ഥ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും. യൂറിനറി ട്രാക്ടിൽ ബാക്ടീരിയകൾ പ്രവേശിക്കുന്നതാണ് അണുബാധയ്ക്ക് ഇടയാക്കുന്നത്. അത് ഡയപ്പർ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഉണ്ടാകില്ല.
ഡയപ്പർ മാറ്റിയതിന് ശേഷം കുഞ്ഞിനെ വൃത്തിയാക്കുക, നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടുക എന്നിവയെല്ലാം പ്രധാനമാണ്. അനാട്ടമിക്കൽ വ്യത്യാസങ്ങൾ മൂലം ആൺകുഞ്ഞുങ്ങളെക്കാൾ പെൺ കുഞ്ഞുങ്ങൾക്കാണ് ഈ അണുബാധ ഉണ്ടാവാൻ സാധ്യത കൂടുതൽ.
മാതാപിതാക്കൾക്കായി ഡോക്ടർ നിർദേശിക്കുന്ന ടിപ്പ്‌സ്
Content Highlights: are diapers harmful to baby's kidneys