എന്തുകൊണ്ട് മമ്മൂട്ടി?, 'താരപദവിയും പ്രതിച്ഛായയും മറന്ന് പ്രതിനായകനായി പകർന്നാടിയതിന്'; ജൂറിയുടെ വാക്കുകൾ

അടുത്ത വർഷവും അവാർഡ് തൂക്കുമോ എന്ന ചോദ്യത്തിന് തൂക്കാൻ ഇതെന്താ കട്ടിയോ? എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം

എന്തുകൊണ്ട് മമ്മൂട്ടി?, 'താരപദവിയും പ്രതിച്ഛായയും മറന്ന് പ്രതിനായകനായി പകർന്നാടിയതിന്'; ജൂറിയുടെ വാക്കുകൾ
dot image

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്തി പത്രവുമാണ് മികച്ച നടന് ലഭിക്കുക.

'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിൻ്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിൻ്റെ പകർന്നാട്ട പൂർണ്ണതയ്ക്ക്', എന്നായിരുന്നു ജൂറിയുടെ വാക്കുകൾ.

പുരസ്‌കാരത്തിന് ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞ നർമം നിറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. കളങ്കാവൽ റിലീസ് ആകുകയാണല്ലോ അടുത്ത വർഷവും അവാർഡ് തൂക്കുമോ എന്ന ചോദ്യത്തിന് തൂക്കാൻ ഇതെന്താ കട്ടിയോ? എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. ഒപ്പം അവാർഡ് നേടിയ മറ്റുള്ളവരെയും മമ്മൂട്ടി അഭിനന്ദിച്ചു. പുതിയ തലമുറയാണ് അവാർഡ് മുഴുവൻ ഇത്തവണ കൊണ്ടുപോയിരിക്കുന്നത് എന്ന ഒരു മാധ്യമപ്രവർത്തകന്റെ കമന്റിന് 'ഞാൻ എന്താ പഴയതാണോ' എന്നും മമ്മൂട്ടി തമാശരൂപേണ പറഞ്ഞു. 'അവാർഡ് പ്രതീഷിച്ചിട്ടല്ല ഓരോ വേഷവും ചെയ്യുന്നത്. അതെല്ലാം സംഭവിക്കുന്നതാണ്. ഇതൊരു യാത്രയല്ലേ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി'.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. അതേസമയം, തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. നടൻ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

Content Highlights: Jury's words about about mammootty goes viral

dot image
To advertise here,contact us
dot image