

കൊച്ചി: എംഎല്‍എയായതിന് ശേഷം തദ്ദേശ സ്ഥാപനത്തിലെ കൗണ്‍സിലര്‍ ആവാനായി മത്സരത്തിനിറങ്ങുകയാണ് കെ എസ് ശബരിനാഥന്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കവഡിയാര്‍ ഡിവിഷനിലാണ് ശബരിനാഥന്‍ ജനവിധി തേടുന്നത്. എംഎല്‍എയായിരുന്ന ശബരിനാഥിനെ രംഗത്തിറക്കി കോണ്‍ഗ്രസ് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് നടത്തിയതെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ എംഎല്‍എയായിരുന്നയാള്‍ കൗണ്‍സിലര്‍ ആവാന്‍ മത്സരിക്കുന്നതിനെ പരിഹസിക്കുന്നവരും ഉണ്ട്. എന്നാല്‍ ശബരിനാഥന്‍ മാത്രമല്ല ഈ തരത്തില്‍ ജനവിധി തേടാനിറങ്ങിയിട്ടുള്ളത്.
ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു കയറിയയാളാണ് എസ് ശിവരാമന്‍. 1993ലെ ഉപതെരഞ്ഞെടുപ്പിലാണ് ശിവരാമന്‍ വിജയിച്ചത്. എന്നാല്‍ 2000ത്തില്‍ ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലേക്ക് ശിവരാമന്‍ മത്സരിച്ചു. വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസിലേക്ക് പോയ ശിവരാമന്‍ സിപിഐഎമ്മിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കാണ് മത്സരിച്ചത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.
കൊയിലാണ്ടിയില്‍ നിന്ന് എംഎല്‍എയാവുകയും സംസ്ഥാന മന്ത്രിയാവുകയും ചെയ്ത കോണ്‍ഗ്രസ് നേതാവാണ് എംടി പത്മ. 1987,1991 തെരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലേക്ക് പത്മ വിജയിച്ചത്. എം ടി പത്മ 2010ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി. കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു ഡിവിഷനില്‍ നിന്ന് വിജയിക്കുകയും 2013ല്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവാകുകയും ചെയ്തു.
നിലമ്പൂരില്‍ നിന്ന് എംഎല്‍എയും രാജ്യസഭാംഗവുമായ സി ഹരിദാസും പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനിറങ്ങിയിട്ടുണ്ട്. 2000 മുതല്‍ 2005വരെ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവായ സി ഹരിദാസ്.
ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായതിന് ശേഷം പഞ്ചായത്തിലേക്ക് മത്സരിച്ചയാളാണ് സിപിഐഎം നേതാവായ എംബി ഫൈസല്‍. 2017ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഫൈസല്‍. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു ഫൈസല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു വിജയം. അതിന് ശേഷം 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ വട്ടംകുളം പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഫൈസല്‍ ജനവിധി തേടി.
Content Highlights: Sabarinathan is not the only one who has come out to seek the people's vote in this way