

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാൻ. 'Congratulations SUN' എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ മമ്മൂട്ടിക്ക് അഭിനന്ദനമറിയിച്ചത്. നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.
മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. പുരസ്‌കാരത്തിന് ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞ നർമം നിറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. കളങ്കാവൽ റിലീസ് ആകുകയാണല്ലോ അടുത്ത വർഷവും അവാർഡ് തൂക്കുമോ എന്ന ചോദ്യത്തിന് തൂക്കാൻ ഇതെന്താ കിട്ടിയോ? എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. ഒപ്പം അവാർഡ് നേടിയ മറ്റുള്ളവരെയും മമ്മൂട്ടി അഭിനന്ദിച്ചു. പുതിയ തലമുറയാണ് അവാർഡ് മുഴുവൻ ഇത്തവണ കൊണ്ടുപോയിരിക്കുന്നത് എന്ന ഒരു മാധ്യമപ്രവർത്തകന്റെ കമന്റിന് 'ഞാൻ എന്താ പഴയതാണോ' എന്നും മമ്മൂട്ടി തമാശരൂപേണ പറഞ്ഞു. 'അവാർഡ് പ്രതീഷിച്ചിട്ടല്ല ഓരോ വേഷവും ചെയ്യുന്നത്. അതെല്ലാം സംഭവിക്കുന്നതാണ്. ഇതൊരു യാത്രയല്ലേ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി'.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. അതേസമയം, തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. നടൻ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
Content Highlights: Dulquer wishes Mammootty for state award win