

കണ്ണൂര്‍: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥയില്‍ നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം. വൈദേകം റിസോര്‍ട്ട് വിവാദത്തിലാണ് പരാമര്‍ശം. വിവാദം ഉയര്‍ന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്ന് ആത്മകഥയായ 'ഇതാണെന്റെ ജീവിത'ത്തില്‍ പറയുന്നു. ദിവസങ്ങളോളം വാര്‍ത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപം നിലയ്ക്കുമായിരുന്നു. പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തതെന്നും ഇപി ആരോപിക്കുന്നു.
'വിവാദം ഉയര്‍ന്ന സമയം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നെങ്കില്‍ എനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു. ആദ്യയോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍', പുസ്തകത്തില്‍ പറയുന്നു.
ഇ പി ജയരാജന്റെ ആത്മകഥ 'ഇതാണ് എൻ്റെ ജീവിതം' ഇന്നാണ് പുറത്തിറങ്ങിയത്. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കഥാകൃത്ത് ടി പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി. ഇപിയുടെ സമരോത്സുക ജീവിതം ആണ് ആത്മകഥയിലൂടെ അനാവരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആത്മകഥ എന്ന പേരിൽ പരിഹാസ രൂപത്തിൽ ചിലർ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആത്മകഥ വിവാദത്തിൽ ഡിസി ബുക്സ് തന്നോട് മാപ്പ് പറഞ്ഞതിനാലാണ് നിയമനടപടികളുമായി മുന്നോട്ടു പോകാതിരുന്നതെന്ന് ഇ പി ജയരാജൻ റിപ്പോർട്ടറിനോട് പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
Content Highlights: EP jayarajan criticized cpim on autobiography