ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതി ചേര്‍ത്തത് മാനസികമായി തളര്‍ത്തി: ജാമ്യാപേക്ഷയുമായി മുന്‍ ദേവസ്വം സെക്രട്ടറി

പ്രത്യേക അന്വേഷണ സംഘം കേസില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ജയശ്രീ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതി ചേര്‍ത്തത് മാനസികമായി തളര്‍ത്തി: ജാമ്യാപേക്ഷയുമായി മുന്‍ ദേവസ്വം സെക്രട്ടറി
dot image

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊളള കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ. താന്‍ ഒരു തരത്തിലുളള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്നും എസ് ജയശ്രീ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം കേസില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ജയശ്രീ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വര്‍ണക്കൊളള കേസില്‍ നാലാം പ്രതിയാണ് ജയശ്രീ.

2019-ല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം മറികടന്ന് ദ്വാരപാലക ശില്‍പ്പപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവിട്ടത് ജയശ്രീയാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ 38 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിത്തില്‍ ഒരിക്കലും അച്ചടക്ക നടപടി നേരിടേണ്ടിവന്നിട്ടില്ലെന്നും തനിക്കെതിരെ എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ തെറ്റാണെന്നും ജയശ്രീ ജാമ്യാപേക്ഷയില്‍ പറയുന്നു. സെക്രട്ടറിയെന്ന നിലയില്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ജയശ്രീ പറയുന്നത്.

'ശബരിമല സന്ദര്‍ശിക്കാനുളള ഭാഗ്യം ഇതുവരെ ലഭിച്ചില്ല. ശബരിമലയില്‍ പോകാനുളള പ്രായപരിധി പിന്നിട്ടപ്പോഴാണ് വൃക്കയും കരളും തകരാറിലായത്. അതിന്റെ ശസ്ത്രക്രിയക്ക് ശേഷം നിരന്തരം മരുന്നുകള്‍ കഴിച്ചാണ് ജീവിക്കുന്നത്. ശാരീരികാവസ്ഥ ദുര്‍ബലമായിരിക്കെ കേസില്‍ ഉള്‍പ്പെടുക കൂടി ചെയ്തതോടെ മാനസികമായി തളര്‍ന്നു' എന്നാണ് ജയശ്രീ ഹര്‍ജിയില്‍ പറയുന്നത്. കേസുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയശ്രീ പറയുന്നു. 2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ ജയശ്രീയായിരുന്നു ദേവസ്വം ബോര്‍ഡ് സെക്രട്ടറി. 2020 മെയ് മാസം വിരമിക്കുന്നത് വരെ തിരുവാഭരണം കമ്മീഷണറായും പ്രവര്‍ത്തിച്ചു. അതേസമയം, എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജയശ്രീയോട് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. അസാധാരണ സാഹചര്യം ബോധ്യപ്പെടുത്താന്‍ ജയശ്രീക്ക് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Content Highlights: Addition of accused in Sabarimala gold theft case mentally debilitating: S jayashree bail application

dot image
To advertise here,contact us
dot image