

കണ്ണൂര്‍: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന' കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെയാണ് സഞ്ജീവിന്റെ ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം.
'ഷാനിമോള്‍ ഉസ്മാനെ തൊട്ടടുത്ത് നിര്‍ത്തി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉറക്കെ പ്രഖ്യാപിച്ചു. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരും'. ഇതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന കാല ലിംഗനീതി', അദ്ദേഹം പറഞ്ഞു. ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പശ്ചാത്തലത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ പരാമര്‍ശം. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം നടപ്പിലാക്കുമെന്ന് അറിയാവുന്നത് കൊണ്ട് കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി പ്രഖ്യാപനം നടത്തുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'ഇതില്‍ ജനം വീഴാന്‍ പോകുന്നില്ല. ജനങ്ങള്‍ മനസ് കൊണ്ട് തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നടന്നത് തട്ടിപ്പാണ്. ദരിദ്രരായ ആളുകളുടെ എണ്ണം പ്രഖ്യാപനത്തില്‍ കുറക്കാന്‍ പറ്റില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അതിനുള്ള ഒരു ശാസ്ത്രീയ കാര്യങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അത് മാറ്റാന്‍ വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ചെയ്തത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള കാര്യമാണ്', കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇത് പാവങ്ങള്‍ക്ക് എതിരായ ഒരു നടപടിയായിട്ടാണ് കാണുന്നതെന്നും അതിദരിദ്രര്‍ക്കുള്ള പ്രത്യേക സഹായം ഇല്ലാതാകുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി എം ശ്രീയില്‍ മാറ്റമില്ല എന്നാണ് അറിഞ്ഞതെന്നും കേരളത്തില്‍ സിപിഐഎം- സിപിഐ ഒത്തുകളിയാണ് നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. എസ്‌ഐആറിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തിന്റെ വഴിക്ക് കേരള സര്‍ക്കാര്‍ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: SFI leader PS Sanjeev against K C Venugopal statement