

ഓരോ വർഷവും ജന്മദിനങ്ങളിൽ, ഷാരൂഖ് ഖാൻ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനായി മന്നത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇഷ്ടതാരത്തിന്റെ പിറന്നാൾദിനത്തിൽ അദ്ദേഹത്തെ നേരിൽക്കാണാനായി നിരവധി ആരാധകരാണ് മന്നത്തിനുമുന്നിൽ തടിച്ചുകൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലാണ്. എന്നാൽ ഇത്തവണ ആരാധകരെ കാണാനായി എത്താൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ഷാരൂഖ്. സുരക്ഷാ പ്രശ്നങ്ങളെ മുൻനിർത്തിയാണ് എത്താൻ കഴിയാത്തതെന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
'എന്നെ കാത്തിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും അഭിവാദ്യം ചെയ്യാൻ എനിക്ക് കഴിയില്ലെന്ന് അധികാരികൾ എന്നെ അറിയിച്ചിരിക്കുകയാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രശ്നത്തെയും എല്ലാവരുടെയും മൊത്തത്തിലുള്ള സുരക്ഷയെ കരുതിയാണ് ഇത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിനും വിശ്വസിച്ചതിനും പ്രേക്ഷകർക്ക് നന്ദി. നിങ്ങളെക്കാൾ കൂടുതൽ നിങ്ങളെ കാണുന്നത് എനിക്ക് ആണ് മിസ് ആകുന്നത്. നിങ്ങളെയെല്ലാം കാണാനും സ്നേഹം പങ്കിടാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു', ഷാരൂഖിന്റെ വാക്കുകൾ.
അതേസമയം, നടന്റെ ഏറ്റവും പുതിയ സിനിമയായ കിംഗിൻ്റെ ടീസർ ഇന്ന് പുറത്തുവന്നു. കൊടൂര മാസ്സ് ആക്ഷൻ രംഗങ്ങൾ അടങ്ങിയ വീഡിയോയാണ് ഇന്ന് ഷാരൂഖിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
Have been advised by authorities that I will not be able to step out and greet all you lovely people who have been waiting for me.
— Shah Rukh Khan (@iamsrk) November 2, 2025
My deepest apologies to all of you but have been informed that it is for the overall safety of everyone due to crowd control issues.
Thank you for…
ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.
Content Highlights: SRK new post to fans goes viral