

ഒറ്റ രാത്രി തങ്ങാൻ 20 രൂപ! ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ഹോട്ടൽ! അതും തൊട്ടപ്പുറത്ത്
എത്ര പണം ചിലവാക്കിയാലും കുഴപ്പമില്ല വൃത്തിയുള്ള മുറി വേണം യാത്രക്കിടയിൽ തങ്ങാനായി എന്ന് വാശിയുള്ളവരാണ് ഭൂരിഭാഗവും. പാകിസ്താനിലേക്കാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ അവിടെ ഒരു ചായ്ക്ക് ചിലവാക്കേണ്ട പണം പോലും വേണ്ടി വരില്ല ഹോട്ടൽ മുറിക്കെന്നാണ് ഒരു വ്‌ളോഗർ പറയുന്നത്. അതായത് പാകിസ്താനിലെ പെഷവാറിലുള്ള ഒരു ഹോട്ടലിൽ ഒരു ദിവസം തങ്ങാൻ ഇന്ത്യയിലെ 20 രൂപ മതിയെന്നാണ് അദ്ദേഹം പറയുന്നത്. പാകിസ്ഥാനിൽ എഴുപത് പാകിസ്താനി രൂപയാണ് ഇതിന്റെ മൂല്യം.
ബ്രിട്ടീഷ് ട്രാവൽ വ്‌ളോഗറായ ഡേവിഡ് സിംസണ്ണാണ് ഈ ഹോട്ടൽ വാസത്തെ കുറിച്ച് തന്റെ അനുഭവം വീഡിയോയിലൂടെ വിവരിച്ചത്. ഈ അനുഭവം യഥാർത്ഥമല്ലെന്നു തോന്നിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചെങ്കിലും ഇവിടെയാണ് കൂടുതൽ സ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഡേവിഡ് പറയുന്നു. സിൽക്ക് റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന വ്യാപാരികൾ താമസിച്ചിരുന്ന സത്രങ്ങളുടെ പേരിൽ അറിയപ്പെടുന്ന കാരവൻസേരായിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ട്വിസ്റ്റ് കൂടിയുണ്ട്.
റൂമുകളില്ല, എസിയില്ല, മറ്റ് അലങ്കാരങ്ങളൊന്നുമില്ല ഈ ഹോട്ടലിൽ. അതിഥികൾക്ക് കിടന്നുറങ്ങാൻ പാരമ്പര്യ രീതിയിലുള്ള ചെറിയ കട്ടിലുകളുണ്ട്. അതും ഒരു കെട്ടിടത്തിന് മുകളിൽ. മേലോട്ടു നോക്കിയാൽ ആകാശവും കാണാം. ഈ ഓപ്പൺ എയർ സെറ്റപ്പിൽ കഴിയാൻ 70 പാകിസ്താനി രൂപയാണ് ആകെ ചിലവ്. വൃത്തിയുള്ള വിരിപ്പ്, ഫാൻ, എല്ലാവർക്കും ഉപയോഗിക്കാനുള്ള ബാത്ത്‌റൂം, നല്ല ചായ ഇതിനൊക്കെ പുറമേ ഹോട്ടലിന്റെ ഉടമയുടെ സ്‌നേഹവും മര്യാദയും നിറഞ്ഞ പെരുമാറ്റത്തെ കുറിച്ചും ഡേവിഡ് വിശദീകരിക്കുന്നു.
ഓൺലൈനിൽ ഡേവിഡിന്റെ വീഡിയോ ട്രെൻഡിങായതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പലരും നല്ലവശത്തെ പുകഴ്ത്തുമ്പോൾ, മേൽകൂരയില്ലാത്ത കൊതുകുകളുടെ വിളനിലമായ ഇടമാണോ ഇത്രയും മികച്ചതെന്ന് ചിലർ ചോദിക്കുന്നുണ്ട്. ദയയാണ് മറ്റെന്ത് ആഢംബരത്തെക്കാളും ആവശ്യമെന്നാണ് മറ്റുചിലരുടെ കമന്റ്. എന്നാൽ ഭൂരിഭാഗം പേരെയും അതിശയിപ്പിച്ചത് ഒരു ചായകാശ് പോലും വേണ്ടല്ലോ അവിടെ തങ്ങാനെന്ന ഘടകമാണ്. 20 രൂപ മാത്രം മതിയോ?അടിപൊളിയെന്ന് കമന്റ് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
Content Highlights: world's cheapest hotel in Pakistan