

ഇന്ത്യയ്ക്കായി ലോകകപ്പില്‍ കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കോർഡ് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിലെത്താൻ, മുൻ ഇന്ത്യൻ താരം മിതാലി രാജിനെയാണ് സ്മൃതി പിന്തള്ളിയത്. 2017 ലോകകപ്പില്‍ മിതാലി രാജ് 409 റൺസ് സ്വന്തമാക്കിയിരുന്നു.
ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്താണു പുറത്തായത്. ഇതോടെ ലോകകപ്പിൽ താരത്തിന് 434 റൺസായി. മികച്ച തുടക്കം ലഭിച്ച സ്മൃതി, ഷെഫാലി വർമയ്ക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയതിനു ശേഷമാണു മടങ്ങിയത്. എട്ടു ഫോറുകള്‍ താരം ബൗണ്ടറി കടത്തി. ട്രിയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്ത ക്യാച്ചെടുത്താണു താരം പുറത്തായത്.
വനിതാ ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിൽ സ്മൃതിക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ എട്ടു റൺസും, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ 23 റൺസ് വീതവുമാണു താരം നേടിയത്. എന്നാല്‍ പിന്നീട് ഫോം കണ്ടെത്തിയ സ്മൃതി, ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെ അർധ സെഞ്ചറികൾ നേടി. ന്യൂസീലൻഡിനെതിരെ സെഞ്ചറിയും (109 റൺസ്) സ്വന്തമാക്കി തിളങ്ങി.
Content Highlights: smriti mandhana cricket world cup record for india