ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരും; യുഡിഎഫ് സര്‍ക്കാര്‍ വരും: പരാമര്‍ശവുമായി കെ സി വേണുഗോപാല്‍

കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി പ്രഖ്യാപനം നടത്തുകയാണെന്നും കെ സി വേണുഗോപാല്‍

ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരും; യുഡിഎഫ് സര്‍ക്കാര്‍ വരും: പരാമര്‍ശവുമായി കെ സി വേണുഗോപാല്‍
dot image

ആലപ്പുഴ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആ സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം നടപ്പിലാക്കുമെന്ന് അറിയാവുന്നത് കൊണ്ട് കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി പ്രഖ്യാപനം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ഇതില്‍ ജനം വീഴാന്‍ പോകുന്നില്ല. ജനങ്ങള്‍ മനസ് കൊണ്ട് തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നടന്നത് തട്ടിപ്പാണ്. ദരിദ്രരായ ആളുകളുടെ എണ്ണം പ്രഖ്യാപനത്തില്‍ കുറക്കാന്‍ പറ്റില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അതിനുള്ള ഒരു ശാസ്ത്രീയ കാര്യങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അത് മാറ്റാന്‍ വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ചെയ്തത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള കാര്യമാണ്', കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇത് പാവങ്ങള്‍ക്ക് എതിരായ ഒരു നടപടിയായിട്ടാണ് കാണുന്നതെന്നും അതിദരിദ്രര്‍ക്കുള്ള പ്രത്യേക സഹായം ഇല്ലാതാകുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി എം ശ്രീയില്‍ മാറ്റമില്ല എന്നാണ് അറിഞ്ഞതെന്നും കേരളത്തില്‍ സിപിഐഎം- സിപിഐ ഒത്തുകളിയാണ് നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. എസ്‌ഐആറിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തിന്റെ വഴിക്ക് കേരള സര്‍ക്കാര്‍ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.

'എന്തുകൊണ്ട് സര്‍ക്കാര്‍ നിയമപരമായ വഴി ചിന്തിക്കുന്നില്ല. യഥാര്‍ത്ഥ വോട്ടര്‍മാരെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഇത്. എസ്‌ഐആറില്‍ ശക്തമായ നിരീക്ഷണവും ബോധവല്‍ക്കരണവും കോണ്‍ഗ്രസ് നടത്തും', കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷവും മറ്റ് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Content Highlights: KC Venugopal says Boys government will come to power in the next assembly elections

dot image
To advertise here,contact us
dot image