

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ചൈന. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെഹോങ് എക്‌സിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പമുള്ള സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവെച്ചാണ് അഭിനന്ദന കുറിപ്പ്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞത്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ഇന്ന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിലെ വിശിഷ്ടാതിഥിയായ മമ്മൂട്ടിക്ക് അതിദാരിദ്ര്യ നിർമ്മാർജ്ജന റിപ്പോർട്ട് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Content Highlights : China congratulates Kerala after it was declared an extreme poverty-free state