അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതിൽ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്ര വലിയ നേട്ടങ്ങൾ കൊയ്യുന്നത്: മമ്മൂട്ടി

വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ലെന്നും ആ വയറുകള്‍കൂടെ കണ്ടുകൊണ്ടുതന്നെയാണ് വികസനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും മമ്മൂട്ടി

അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതിൽ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്ര വലിയ നേട്ടങ്ങൾ കൊയ്യുന്നത്: മമ്മൂട്ടി
dot image

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക സൂചികകള്‍ ലോകത്തെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്ന് നടന്‍ മമ്മൂട്ടി. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതില്‍ ഒരു ഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങള്‍ കൊയ്യുന്നതെന്നും സാമൂഹ്യസേവന രംഗത്ത് നമ്മള്‍ ഒരുപാട് മുന്നിലാണെന്നും മമ്മൂട്ടി പറഞ്ഞു. നമ്മുടെ സാമൂഹ്യ ബോധത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ഫലമായാണ് ഈ നേട്ടങ്ങളെല്ലാം നേടിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ന് മുഖ്യമന്ത്രി കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ അതിനേക്കാള്‍ വലിയൊരു ഉത്തരവാദിത്തമാണ് അദ്ദേഹം ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തമായിട്ടുളളു. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോട് തോള്‍ ചേര്‍ന്നുനിന്ന് അതിജീവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടുന്ന കാലത്തേക്കാള്‍ നമ്മുടെ ദാരിദ്ര്യ രേഖ കുറഞ്ഞ് കുറഞ്ഞ് ഈ നിലയിലെത്തിച്ചതും നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്‌നേഹവും വിശ്വാസവും മറ്റ് അതിര്‍വരമ്പുകളില്ലാതെയുളള നമ്മുടെ സാഹോദര്യവുമാണ്. ഈ ഭരണ സംവിധാനത്തില്‍ അര്‍പ്പിക്കപ്പെട്ടിട്ടുളള ഉത്തരവാദിത്തം വളരെ വിശ്വാസപൂര്‍വം അവര്‍ നിര്‍വഹിക്കുമെന്ന് വിശ്വസിക്കുന്നു. അതിന് സാഹോദര്യവും സമര്‍പ്പണവും ജനങ്ങളില്‍ നിന്നും ഉണ്ടാകണം. അത് ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്': മമ്മൂട്ടി പറഞ്ഞു.

എട്ടുമാസമായി പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താനെന്നും ഇപ്പോള്‍ പുറത്ത് വന്നപ്പോ ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 'കൊച്ചിയില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ചാണ് വരുന്നത്. എപ്പോ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആറെഴ് മാസത്തിനകം ആ യാത്ര കൂടുതല്‍ സുഖമമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് വികസനം തന്നെയാണ്. വികസനം ആരുടെ വികസനമാണ്? രാജപാതകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് കൊണ്ടുമാത്രം നാം വികസിക്കപ്പെടുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യജീവിതമാണ്. സാമൂഹ്യജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം. അങ്ങനെയുളള സ്ഥലങ്ങള്‍ അപൂര്‍വമായേ ഉളളൂ. കേരളം പലതിനും മാതൃകയാണ്. കേരള ജനത ആ സംരംഭങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിട്ടുമുണ്ട്. ദാരിദ്രം തുടച്ചുമാറ്റാന്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം. സാഹോദര്യത്തോടെ നമുക്ക് ദാരിദ്രത്തെ നേരിടാം. അതിജീവിക്കാം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ ഉണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ല. ആ വയറുകള്‍കൂടെ കണ്ടുകൊണ്ടുതന്നെയാണ് വികസനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതും': മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Content Highlights: Mammootty about kerala declared as extreme poverty free state

dot image
To advertise here,contact us
dot image