ആശാസമരം: വി ഡി സതീശന്‍ എത്തുന്നതിന് മുമ്പ് വേദിവിട്ട് രാഹുല്‍, സതീശന്‍ പോയതിന് പിന്നാലെ തിരിച്ചെത്തി

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ആശമാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് വി ഡി സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

ആശാസമരം: വി ഡി സതീശന്‍ എത്തുന്നതിന് മുമ്പ് വേദിവിട്ട് രാഹുല്‍, സതീശന്‍ പോയതിന് പിന്നാലെ തിരിച്ചെത്തി
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തുന്നതിന് മുന്‍പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവര്‍ത്തകരുടെ സമര വേദിയില്‍ നിന്ന് മടങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാപകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ഡി സതീശന്‍ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു.

തന്നെ സംബന്ധിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുൽ പറഞ്ഞത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാര്‍ക്ക് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ പ്രതികരണത്തിന് ശേഷം രാഹുല്‍ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ ആശമാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് വി ഡി സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ച കിട്ടിയാണ് ആശമാര്‍ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതില്‍ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആശമാരുടെ തുടർ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സതീശൻ വേദി വിട്ടു. ഇതിന് പിന്നാലെയാണ് രാഹുലിൻ്റെ മടങ്ങിവരവ്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ തന്നെ സമരവേദിയില്‍ നിന്ന് ആശമാര്‍ ഇറക്കിവിട്ടെന്ന് വാര്‍ത്തകണ്ടുവെന്നും അങ്ങനെയാണ് മടങ്ങിവന്നതെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. തന്നെ ആരും ഇറക്കി വിട്ടിട്ടില്ല. സമരവേദിയില്‍ സംസാരിക്കാന്‍ ആശമാര്‍ പറഞ്ഞിരുന്നു. ഇത് തന്റെ അമ്മമാരുടെ സമരമാണ്. അമ്മമാര്‍ ഇറക്കിവിടില്ല. ഇറക്കിവിട്ടാലും പോകില്ലെന്നും രാഹുല്‍ പറഞ്ഞു.

265 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തി വന്നിരുന്ന രാപകല്‍ സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. തുടര്‍സമരങ്ങള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പ്രചാരണത്തിനറങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സമരസമിതി അറിയിച്ചു.

Content Highlights: asha strike Rahul Mamkootathil leaves the stage after VD Satheesan arrives

dot image
To advertise here,contact us
dot image