

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. ഉദയ് മാഞ്ചിയെന്ന ഒഡീഷ സ്വദേശിയാണ് മരിച്ചത്. അല്‍പസമയം മുമ്പായിരുന്നു നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദയ് മാഞ്ചിയുടെ തലയിലേക്കാണ് മതിലിടിഞ്ഞുവീണത്. പരിക്ക് ഗുരുതരമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താഴെ മതില്‍ കെട്ടുന്നതിനിടെ മുകളില്‍ ഉണ്ടായിരുന്ന മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെയും ഇന്നുമായി സ്ഥലത്ത് മഴയുണ്ടായിരുന്നു. ഇതില്‍ മതിലിന്റെ ഭാഗം കുതിര്‍ന്നിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
Content Highlights: migrant worker injured in wall collapse in Kakkodi dies