

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ നീക്കം പൊളിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റിയില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധി പിന്മാറി. സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബു ആണ് പിന്‍മാറിയത്. പിന്മാറിയെന്ന് വ്യക്തമാക്കിക്കൊണ്ട് എ സാബു ഗവര്‍ണര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ഇതോടെ ഗവര്‍ണര്‍ പുറത്തിറക്കിയ സെര്‍ച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഗവര്‍ണര്‍ വഴങ്ങുന്നതുവരെ സമവായം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
വ്യാഴാഴ്ച ചേര്‍ന്ന സെനറ്റ് പ്രത്യേക യോഗത്തിലായിരുന്നു എ സാബുവിനെ തെരഞ്ഞെടുത്തത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചപ്പോഴാണ് സമിതിയില്‍ ഉള്‍പ്പെട്ട വിവരം അറിയുന്നതെന്നാണ് എ സാബു പറയുന്നത്. വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നിലവില്‍ അതിന് കഴിയില്ലെന്നും സാബു പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് മെയില്‍ അയച്ചിരിക്കുന്നത്.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ മൂന്ന് തവണയായിരുന്നു യോഗം ചേര്‍ന്നത്. ഓഗസ്റ്റ് 23ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ ഡോ. ധര്‍മരാജ് അടാട്ടായിരുന്നു
തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ പിന്മാറിയിരുന്നു. ഇതിന് ശേഷം സെപ്റ്റംബര്‍ പതിനൊന്നിന് വീണ്ടും യോഗം ചേര്‍ന്നു. എന്നാല്‍ തീരുമാനമാകാതെ സെനറ്റ് യോഗം ബഹളത്തില്‍ പിരിഞ്ഞു. പിന്നീട് ഗവര്‍ണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തിലാണ് എ സാബു തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlights- Member of government candidate in senate back off from search committee