'പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം'; ജനങ്ങള്‍ ഗൗരവത്തിലെടുക്കരുതെന്ന് രമേശ് ചെന്നിത്തല

'ഇത് ഒരു തട്ടിപ്പാണ്, അങ്ങനെ അല്ലായിരുന്നെങ്കില്‍ പ്രഖ്യാപനങ്ങളെല്ലാം ബജറ്റില്‍ നടത്താമായിരുന്നു'

'പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം'; ജനങ്ങള്‍ ഗൗരവത്തിലെടുക്കരുതെന്ന് രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: സർക്കാർ നടത്തിയ വമ്പൻ പ്രഖ്യാപനങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ആര്‍ക്കും യാതൊരു ആനുകൂല്യങ്ങളും കൊടുക്കാത്ത സര്‍ക്കാരാണ് ഇതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരങ്ങളും നികുതികളും അടിച്ചേല്‍പ്പിച്ച ഗവണ്‍മെന്റ് കൂടിയാണിത്. നാലാം തീയതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് സർക്കാർ പുതിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അസംബ്ലി ഇലക്ഷന്‍ വരാനിരിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നടപ്പിലാക്കേണ്ടി വരിക അടുത്ത സര്‍ക്കാരായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'നിലവിലെ സര്‍ക്കാരിന് ഇത് കൊടുക്കേണ്ടി വരില്ല എന്ന് ഉറപ്പുള്ളതിനാല്‍ അടുത്ത ഗവണ്‍മെന്റിന് തലയിലേക്ക് ഇതെല്ലാം കെട്ടിവെയ്ക്കുകയാണ്. ഇത് ഒരു തട്ടിപ്പാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ പ്രഖ്യാപനങ്ങളെല്ലാം ബജറ്റില്‍ നടത്താമായിരുന്നു. എന്നാല്‍ ബജറ്റില്‍ നികുതി അടിച്ചേല്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഹസനം മാത്രമാണ്. ഇത് ജനങ്ങള്‍ ഗൗരവത്തിലെടുക്കരുത്.' രമേശ് ചെന്നിത്തല പറഞ്ഞു.

'ആശാവര്‍ക്കർമാരോട് ഇത്രയധികം ക്രൂരത കാണിക്കേണ്ട കാര്യമില്ലായിരുന്നു. അവര്‍ക്കായി അല്‍പം കൂടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് എല്ലാവര്‍ക്കും മനസിലാകും. നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പോലും ആളുകള്‍ക്ക് നല്‍കുന്നില്ല. ഇടുക്കി പാക്കേജായി പ്രഖ്യാപിച്ച 18,000 രൂപ കൊടുത്തിട്ടില്ല. തീരദേശ പാക്കേജായി പ്രഖ്യാപിച്ച 10,000 കോടി രൂപ ആര്‍ക്കെങ്കിലും കിട്ടിയോ?. വയനാട് പാക്കേജ് പ്രഖ്യാപിച്ചിട്ട് ആര്‍ക്കെങ്കിലും കൊടുത്തോ?. ഇതെല്ലാം വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ഇതെല്ലാം കൊടുക്കേണ്ടി വരിക അടുത്ത സര്‍ക്കാര്‍ ആയിരിക്കുമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കറിയാം. തനിക്കിനി അതില്‍ ഉത്തരവാദിത്വമില്ല, ജനങ്ങള്‍ ഇനി ഇതുമായി തന്റെ അരികില്‍ വരില്ല എന്ന് ഉറപ്പുള്ളതിനാലാണ് ഈ പ്രഖ്യാപനം.' രമേശ് ചെന്നിത്തല വ്യക്തമാക്കി.

'ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്. അത് അവര്‍ റദ്ദാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സിപിഐയെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള കളി മാത്രമാണ് ഇപ്പോള്‍ നടന്നത്. എംഒയുവില്‍ ഒപ്പുവച്ച ശേഷം ഇത് റദ്ദാക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ നടക്കാനാണ്. ഇത് താല്‍കാലികമായി സിപിഐയെ കബളിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്ത കാര്യമായി കരുതിയാല്‍ മതി. അതില്‍ കാര്യമൊന്നുമുണ്ടാകില്ല, അത് എല്ലാവര്‍ക്കും മനസിലാകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വന്‍ പ്രഖ്യാപനങ്ങളായിരുന്നു നടത്തിയത്. ക്ഷേമപെന്‍ഷന്‍ 1,600 രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി വര്‍ധിപ്പിച്ചു. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ധനവുണ്ട്. അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പെട്ടെന്ന് തീര്‍ത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സെ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വര്‍ധിപ്പിച്ചു. 50 രൂപയാണ് പ്രതിദിന കൂലിയില്‍ വരുത്തിയിരിക്കുന്ന വര്‍ധന. സാക്ഷരതാ ഡയറക്ടര്‍മാരുടെ ഓണറേറിയത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Content Highlight; Ramesh Chennithala responds to Chief Minister’s press meet

dot image
To advertise here,contact us
dot image