ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട അതൃപ്തികള്‍ പരിഹരിച്ചു, ഒരുമിച്ച് മുന്നോട്ടുപോകും; കെ മുരളീധരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു.

ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട അതൃപ്തികള്‍ പരിഹരിച്ചു, ഒരുമിച്ച് മുന്നോട്ടുപോകും; കെ മുരളീധരന്‍
dot image

ന്യൂഡല്‍ഹി: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിച്ച് മുന്നോട്ടു പോകണം എന്നാണ് ഇന്നത്തെ ചര്‍ച്ചകളില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി, ഖര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ദീര്‍ഘനേരം നീണ്ടു നിന്നു. ഉണ്ടായത് പോസറ്റീവ് ചര്‍ച്ചകളാണ്. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. പ്രശ്‌നപരിഹാരങ്ങള്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അറിയിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍ ഉള്ളിടത്തെ അഭിപ്രായവ്യത്യാസങ്ങളും ഉള്ളൂ. പാര്‍ട്ടി നയം അനുസരിച്ച് മുന്നോട്ടു പോകും. ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട അതൃപ്തികള്‍ പരിഹരിച്ചു. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. അതേ സമയം തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്ലാനില്‍ മാറ്റങ്ങള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും നിര്‍ദേശമുണ്ടായി.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം താഴെതട്ടില്‍ സര്‍ക്കാരിനെ എതിരാക്കിയെന്ന് സംസ്ഥാന നേതൃത്വം യോഗത്തില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമാണുണ്ടായത്. വയനാട് ഡിസിസി അദ്ധ്യക്ഷനെ നിയമിക്കുന്നതിന് മുന്‍പ് കൂടിയാലോചന നടന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറല്‍ സെക്രട്ടറിമാരാക്കി എന്നും വിമര്‍ശനമുയര്‍ന്നു.

അതേ സമയം സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിയിലെ തന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്‍മാരാണ് ഈ പാര്‍ട്ടിയില്‍ അനൈക്യം ഉണ്ടാക്കുന്നവര്‍. അനൈക്യം ഉണ്ടാക്കുന്നത് നിര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരാം. ഇല്ലേല്‍ വെള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image