

പുകവലി ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒരു ശീലമാണ്. എന്നാല്‍ അതിനേക്കാള്‍ മോശമായി ആരോഗ്യം നശിപ്പിക്കുന്ന ഒരു ശീലമുണ്ടെന്നുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ തീര്‍ച്ചയായും വിശ്വസിക്കണം. ലോകാരോഗ്യ സംഘടനയുടെ(WHO)യുടെ കണക്കനുസരിച്ച് ലോകമെമ്പാടും എല്ലാവര്‍ഷവും സംഭവിക്കുന്ന 4-5 ദശലക്ഷം മരണങ്ങള്‍ ഈ ശീലം മൂലമാണെന്നാണ് പറയപ്പെടുന്നത്. 'ഉദാസീനത' അല്ലെങ്കില്‍ അലസതയാണ് ആ ശീലം. നല്ലൊരു ശതമാനം ആളുകളും ഉദാസീനമായ ജീവിതം നയിക്കുന്നവരാണ്. നല്ല ആരോഗ്യ ശീലത്തിന് ശരീരം എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നാണ് പറയപ്പെടുന്നതത്.

ഇക്കാലത്ത് പലരും അലസമായ ജീവിതശൈലി പിന്തുടരുന്നവരാണ്. മുതിര്‍ന്നവരില്‍ നാലില്‍ ഒരാളും കൗമാരക്കാരില്‍ അഞ്ചില്‍ നാല് പേരും ഈ ജീവിതശൈലി പിന്തുടരുന്നവരാണെന്നാണ് കണക്കുകള്‍. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് ലോകമെമ്പാടുമുള്ള സാംക്രമികേതര രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്ന പ്രധാന അപകട ഘടകങ്ങളില്‍ ഒന്നാണ് ഉദാസീനമായ ജീവിതശൈലി. പതിവായുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ പലതരം കാന്‍സറുകളുടെ സാധ്യത 8 മുതല്‍ 28 ശതമാനം വരെ കുറയ്ക്കുന്നു. ഹൃദ്‌രോഗം- പക്ഷാഘാത സാധ്യത 19 ശതമാനവും, പ്രമേഹത്തിനുള്ള സാധ്യത 17 ശതമാനവും ,വിഷാദം, ഡിമെന്‍ഷ്യ എന്നിവയുടെ സാധ്യത 28-32 ശതമാനം വരെയും കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ധക്യകാലം ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. പ്രായമാകുമ്പോള്‍ വെറുതെ എവിടെയെങ്കിലും ഒതുങ്ങി ഇരിക്കുക എന്ന ചിന്ത തന്നെ ആരോഗ്യത്തെ അപകടത്തിലാക്കും. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രായമായവരില്‍ രോഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ തടയുന്നതിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാനസികാരോഗ്യം, ജീവിത നിലവാരം എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നു.

ദിനചര്യയില്‍ കൂടുതല്‍ ചലനങ്ങള്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനര്‍ഥം ജിമ്മില്‍ പോകണമെന്നോ കഠിനമായ വ്യായാമങ്ങള്‍ ചെയ്യണമെന്നോ അല്ല. ചെറിയ ചലനങ്ങള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. ഷിക്കാഗോ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒരു വ്യക്തി സാധാരണ നടക്കുന്നിനേക്കാള്‍ വേഗത്തില്‍ മിനിറ്റില്‍ 14 ചുവടുകള്‍ കൂടുതല്‍ നടക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗതി ഉണ്ടാക്കിയതായി കണ്ടെത്തിയിയിരുന്നു. അതുകൊണ്ട് ഉദാസീനമായ ജീവിതശൈലിയില്‍ നിന്ന് മാറി എപ്പോഴും സജീവമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Content Highlights :This daily habit is deadlier than smoking