'അദ്ദേഹം ഐക്യത്തിന് അടിവരയിടുകയായിരുന്നു': കെ സുധാകരന്റെ പ്രതികരണത്തില്‍ സണ്ണി ജോസഫ്

ഇങ്ങനെ പോയാല്‍ തന്നെ ജയിക്കാം, കൂടുതല്‍ കരുത്തോടെ പോകാം എന്നും സണ്ണി ജോസഫ് പറഞ്ഞു

'അദ്ദേഹം ഐക്യത്തിന് അടിവരയിടുകയായിരുന്നു': കെ സുധാകരന്റെ പ്രതികരണത്തില്‍ സണ്ണി ജോസഫ്
dot image

തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അദ്ദേഹം ഐക്യത്തിന് അടിവരയിടുകയായിരുന്നു എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. കെ സുധാകരന്റെ അതൃപ്തിയെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. 'അദ്ദേഹം ഐക്യത്തിന് അടിവരയിടുകയായിരുന്നു. അത് സ്വാഗതാര്‍ഹമാണ്' സണ്ണി ജോസഫ് പറഞ്ഞു. ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍, ഇങ്ങനെ പോയാല്‍ തന്നെ ജയിക്കാം, കൂടുതല്‍ കരുത്തോടെ പോകാം എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. അതൃപ്തി മുഖത്തുനോക്കി പറഞ്ഞെന്നും നേതാക്കന്മാരാണ് പാർട്ടിയിൽ അനൈക്യമുണ്ടാക്കുന്നവർ എന്നുമാണ് കെ സുധാകരൻ പറഞ്ഞത്. 'അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചുവരാം. അല്ലെങ്കിൽ വെളളത്തിലാകും. അനുകൂല നടപടികൾ പ്രതീക്ഷിക്കുന്നു': എന്നാണ് കെ സുധാകരൻ പറഞ്ഞത്.

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിച്ച് മുന്നോട്ടു പോകണം എന്നാണ് ഇന്നത്തെ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി, ഖര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ദീര്‍ഘനേരം നീണ്ടു നിന്നു. ഉണ്ടായത് പോസറ്റീവ് ചര്‍ച്ചകളാണ്. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. പ്രശ്‌നപരിഹാരങ്ങള്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അറിയിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. അതേ സമയം തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്ലാനില്‍ മാറ്റങ്ങള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും നിര്‍ദേശമുണ്ടായി. സംസ്ഥാന നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമാണുണ്ടായത്. വയനാട് ഡിസിസി അദ്ധ്യക്ഷനെ നിയമിക്കുന്നതിന് മുന്‍പ് കൂടിയാലോചന നടന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറല്‍ സെക്രട്ടറിമാരാക്കി എന്നും വിമര്‍ശനമുയര്‍ന്നു.

Content Highlights: He was underlining unity': Sunny Joseph on K Sudhakaran's dissatisfaction

dot image
To advertise here,contact us
dot image