'ഒപ്പിട്ടത് ബേബി പോലും അറിഞ്ഞില്ല, ബിനോയിക്ക് ഒന്നു ശബ്ദിക്കാൻപോലും കഴിയാതെ പോകുമോ എന്ന് ആശങ്ക'

പാർട്ടിയോ മുന്നണിയോ മന്ത്രിമാരോ അറിയാതെ ഏത് രാഷ്ട്രീയ തീരുമാനവും തിരുത്തിക്കുറിക്കാവുന്ന ആരാണ് ഈ സർക്കാരിലുള്ളതെന്ന് സുപ്രഭാതം എഡിറ്റോറിയൽ

'ഒപ്പിട്ടത് ബേബി പോലും അറിഞ്ഞില്ല, ബിനോയിക്ക് ഒന്നു ശബ്ദിക്കാൻപോലും കഴിയാതെ പോകുമോ എന്ന് ആശങ്ക'
dot image

കോഴിക്കോട്: പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഒന്നു ശബ്ദിക്കാൻപോലും കഴിയാതെ പോകുമോ എന്നതാണ് ആശങ്കയെന്നും സുപ്രഭാതം എഡിറ്റോറിയലിൽ വിമർശിച്ചു.

സിപിഐ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ ചർച്ചചെയ്‌തേ നടപടി സ്വീകരിക്കൂ എന്ന് മാലോകരോട് പറഞ്ഞ എം എ ബേബി, എന്നാൽ ആറു ദിവസം മുൻപ് ഒപ്പിട്ട കാര്യം അറിഞ്ഞിട്ടില്ല. മോദിയുടെ ഇപ്പോൾ അത്ര പുതിയതല്ലാത്ത ദേശീയ വിദ്യാഭ്യാസ നയം അപ്പടി കാവിവൽക്കരണത്തിന്റേതാണെന്ന് ഇടതു ബുദ്ധിജീവികളെ കാണാതെ പഠിപ്പിച്ചതാണ്. വിദ്യാർത്ഥി നേതാക്കൾക്ക് സ്റ്റെഡിക്ക് നിർത്തി ക്ലാസ് കൊടുത്തതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 15 അപകടങ്ങളെ കുറിച്ച് റിയാസിനെകോണ്ടുപോലും കുറിപ്പെഴുതിപ്പിച്ചതാണ്. ആർഎസ്എസ് അജണ്ടയുള്ള എൻഇപിയും അത് നടപ്പാക്കാൻ നിർബന്ധിക്കുന്ന കാണുന്നതും കാണാത്തതുമായി ചരടുകളുള്ള പി എം ശ്രീയിൽ ഒപ്പുവെക്കില്ലെന്ന് ആണയിട്ട മന്ത്രി തന്നെ ഒരു ദിവസം ചോദിക്കുന്നു എൻഇപിയിൽ എന്താകുഴപ്പമെന്ന്. മുമ്പ് തള്ളിപ്പറഞ്ഞതിന്റെ പ്രചാരകരായി മന്ത്രിയടക്കമുള്ളവർ മാറി- അഗ്മാർക്ക് ശീർഷാസനം എന്ന് എഡിറ്റോറിയലിൽ പറയുന്നു.

ഇനി ബിനോയ് വിശ്വം എന്തു ചെയ്യാനാണ്. സിപിഐ എന്ന പാർട്ടിക്ക് മുമ്പിൽ വഴിയെന്താണ്. ഒന്നാം പിണറായി സർക്കാരിനെ പല വിഷയങ്ങളിലും പിടിച്ചുകുലുക്കിയ ആളായിരുന്ന കാനം രാജേന്ദ്രന്റെ പിൻഗാമിയെങ്കിലും ബിനോയ് വിശ്വത്തിന് ആ രീതി വഴങ്ങാനിടയില്ല. കാനം കടിപിടികൂടുമെങ്കിലും അവസാനം വഴങ്ങിത്തന്നെയാണ് പോയത്. ബിനോയിയിലെത്തുമ്പോൾ ഒന്നു ശബ്ദിക്കാൻ പോലും കഴിയാതെ പോകുമോ എന്ന ആശങ്കയുണ്ട്.

സംഘപരിവാർ അജണ്ടയുടെ മുഖ്യവാഹനമായ എൻഇപിക്ക് നേരെ ബംഗാളും തമിഴ്‌നാടും കേരളവും നടത്തുന്ന ചെറുത്ത്‌നിൽപ്പ് കേന്ദ്രഭരണകൂടത്തിന് ഗൗരവമായ വിഷയമായിരുന്നു. അതിൽനിന്നാണ് ഒരു സംസ്ഥാനത്തെ അതും സംഘപരിവാർ അജണ്ടയെ എല്ലാനിലയിലും ചെറുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐഎം ഭരിക്കുന്ന സംസ്ഥാനത്തെ അടർത്തിമാറ്റിയിരിക്കുന്നത്. ഇത്രയും വലിയ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത് ആരാണ്?, എപ്പോഴാണ്?, പാർട്ടിയോ മുന്നണിയോ മന്ത്രിമാരോ അറിയാതെ ഏത് രാഷ്ട്രീയ തീരുമാനവും തിരുത്തിക്കുറിക്കാവുന്ന ആരാണ് ഈ സർക്കാരിലുള്ളത്. ഇന്ന് സിപിഐയും ബിനോയ് വിശ്വവും വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കെരാനേണ്ടാർന്ന് എന്ന നോവലിലെ കുഞ്ഞുത്താച്ചുമ്മ മട്ടിലാണ്. പിഎം ശ്രീയിലെ സിപിഐയുടെ എതിർപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ ഏത് സിപിഐ എന്ന് എം വി ഗോവിന്ദൻ മാഷ് പോലും ചോദിച്ച കാലത്ത് ബിനോയ് വിശ്വം എന്തുചെയ്യാനാണ് എന്നും എഡിറ്റോറിയലിൽ പറയുന്നു.

അതേസമയം പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നതുവരെ തുടർനടപടികൾക്ക് പ്രചാരണം നൽകേണ്ടെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ പട്ടിക തയ്യാറാക്കൽ അടക്കമുള്ള നടപടികൾ രഹസ്യമായി സൂക്ഷിക്കാനാണ് നിർദേശം. അതിനൊപ്പം എൻഇപി പൂർണമായും നടപ്പാക്കില്ലെന്ന പ്രചാരണം ശക്തമാക്കാനുമാണ് നീക്കം.

Content Highlights: Samastha mouthpiece Suprabhaatham criticizes kerala government on PM Shri

dot image
To advertise here,contact us
dot image