'ചേട്ടൻ എവിടെയെന്ന് തിരക്കി, ചികിത്സയിലെന്നാണ് പറഞ്ഞത്, സന്ധ്യയെ ഒന്നും അറിയിച്ചിട്ടില്ല'; സഹോദരൻ സന്ദീപ്

മകൻ മരിച്ച് ഒരു വർഷം ആകുന്നതേയുള്ളൂ, അതിന്റെ വേദനയിൽനിന്ന് കരകയറുന്നതിനിടെയാണ് ഈ ദുരന്തം

'ചേട്ടൻ എവിടെയെന്ന് തിരക്കി, ചികിത്സയിലെന്നാണ് പറഞ്ഞത്, സന്ധ്യയെ ഒന്നും അറിയിച്ചിട്ടില്ല'; സഹോദരൻ സന്ദീപ്
dot image

കൊച്ചി: അടിമാലി കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഭർത്താവ് ബിജു മരിച്ചെന്ന വിവരം സന്ധ്യയെ അറിയിച്ചിട്ടില്ലെന്ന് സഹോദരൻ സന്ദീപ്. ചേട്ടന് എന്താണ് പറ്റിയതെന്ന് സന്ധ്യ തിരക്കിയെന്നും ചികിത്സയിലാണെന്നാണ് അറിയിച്ചതെന്നും സന്ദീപ് റിപ്പോർട്ടറിനോട് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സന്ധ്യ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

പറയുന്ന കാര്യങ്ങൾ മനസിലാകുന്നുണ്ടെങ്കിലും കാലിനേറ്റ ഗുരുതര പരിക്കിൽ കഠിനമായ വേദനയുണ്ട്. മകൻ ആദർശ് മരിച്ച് ഒരു വർഷം ആകുന്നതേയുള്ളൂ. അതിന്റെ വേദനയിൽനിന്ന് കരകയറുന്നതിനിടെയാണ് ഈ ദുരന്തം. ബിജുവിന്റെ സഹോദരന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അറിഞ്ഞത്. മണ്ണ് ഇടിയുന്നതിന്റെ ആശങ്ക ഉണ്ടായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

മകൾ ആര്യയെ അപകടത്തെകുറിച്ച് അറിയിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. കാലിലെ പരിക്ക് കാരണം രക്തക്കുഴലിന് ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇടത് കാലിലേക്കുള്ള രക്തയോട്ടം വളരെ കുറഞ്ഞതായും പ്ലാസ്റ്റിക് സർജറി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും സന്ദീപ് പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് കൂമ്പൻപാറയിൽ മണ്ണിടിഞ്ഞത്. ബിജുവും സന്ധ്യയും വീട്ടിലുണ്ടായിരുന്ന സമയത്താണ് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. എന്നാൽ ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയ പാത 85 ന്റെ പണി നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. 45കാരനായ ബിജു കൂലിപ്പണിക്കാരനാണ്. സന്ധ്യ മിൽമ സൊസൈറ്റിയിലെ ജീവനക്കാരിയാണ്. ബിജുവിന്റെ ഇളയ മകൻ ആദർശ് കഴിഞ്ഞ വർഷമാണ് കാൻസർ ബാധിച്ച് മരിച്ചത്. മകൾ ആര്യ നഴ്‌സിങ് വിദ്യാർത്ഥിയാണ്.

Content Highlights: Adimali landslide; Sandhya was not informed of Biju's death, says her brother Sandeep

dot image
To advertise here,contact us
dot image