

പാലക്കാട്: ലൈംഗികാതിക്രമ നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശരിധരനെ വെട്ടാന്‍ കൃഷ്ണകുമാര്‍ പക്ഷം. രാഹുലിനൊപ്പം വേദി പങ്കിട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ജില്ലാ കമ്മിറ്റി അടിയന്തര യോഗത്തില്‍ പ്രവര്‍ത്തകര്‍ പ്രമീളയുടെ രാജി ആവശ്യപ്പെട്ടു. പതിനെട്ട് പേരാണ് പ്രമീള രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രമീളയുടെ പ്രവര്‍ത്തി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തതായാണ് ഉയര്‍ന്നിരിക്കുന്ന അഭിപ്രായം.
രാഹുലിനെതിരെ സമരം ചെയ്ത കേസില്‍ പ്രതിയായവരോട് പാര്‍ട്ടി എന്ത് മറുപടി പറയുമെന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം. പ്രമീളയ്‌ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്കം തകരും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെയ്തത് തെറ്റെന്ന് പ്രമീള ഏറ്റുപറയണം. തെറ്റാണെന്ന് പറഞ്ഞ് പരസ്യ പ്രതികരണം നടത്തിയില്ലെങ്കില്‍ രാജിവെച്ച് ഒഴിയണം. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നല്‍കരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 23 പേര്‍ ജില്ലാ കമ്മറ്റിയില്‍ പങ്കെടുത്തു. പ്രമീള ശശിധരന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ഇന്നലെയായിരുന്നു പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തില്‍നൊപ്പം വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. രാഹുല്‍ പാലക്കാട് പൊതുപരിപാടികളില്‍ പങ്കെടുത്തഘട്ടങ്ങളില്‍ ബിജെപി വ്യാപക പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മണ്ഡലത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ടിരുന്നു. അടുത്തിടെയാണ് പരിപാടികളില്‍ സജീവമായത്.
Content Highlights- C Krishnakumar and team decide to ask resignation from prameela