

മലപ്പുറം: മലപ്പുറം താഴെക്കോട് സ്വകാര്യ ബസില്‍ വയോധികന് ക്രൂരമര്‍ദനം. മാറാമ്പറ്റക്കുന്ന് സ്വദേശിയായ ഹംസയ്ക്ക് (66) ആണ് മര്‍ദനമേറ്റത്. ഹംസയുടെ മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റു. മൂക്കിന് പൊട്ടലുണ്ടായി. തലയ്ക്ക് ക്ഷതമേറ്റു. നിലവിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഹംസ.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. ബസിൽവെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. അൽപ്പം മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് ഹംസയെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ക്രൂരമർദനത്തിന് ശേഷം ഹംസയെ കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയായിരുന്നു.
തിരക്കുളള ബസില്‍ വിദ്യാര്‍ത്ഥികളും സഹയാത്രികരും നോക്കിനില്‍ക്കെയാണ് യുവാവ് ഹംസയെ മര്‍ദിച്ചത്. വയോധികനെ മര്‍ദിക്കുന്നതും ബസില്‍ നിന്ന് താഴേയ്ക്ക് വലിച്ചിറക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. താഴെക്കോട് ബിടാത്തി സ്വദേശിയായ യുവാവാണ് വയോധികനെ മര്‍ദിച്ചതെന്നാണ് വിവരം. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ ഹംസയുടെ കുടുംബം നൽകിയ പരാതിയിൽ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Elderly man brutally beaten in private bus in Malappuram