

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎം ഒരു രാത്രി കൊണ്ട് നയം മാറ്റി എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
എന്‍ഇപിക്ക് ഒരു കുഴപ്പമുണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എന്താ കുഴപ്പമെന്ന് ചോദിക്കുന്നു. എന്നാല്‍ യുഡിഎഫിന് എന്‍ഇപി ആപത്ത് എന്ന ഒറ്റ അഭിപ്രായം മാത്രമേയുള്ളൂവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ കാവിവത്ക്കരണം നടക്കുകയാണെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു. സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും അണ്ടിപ്പരിപ്പും ഈന്തപ്പഴവും തിന്നാന്‍ ആവില്ലെന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടപടികളിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും. 971 കോടി രൂപയാണ് എസ്എസ്‌കെയ്ക്ക് വേണ്ടി കേന്ദ്രം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ തടഞ്ഞുവെച്ച വിഹിതങ്ങള്‍ നല്‍കാമെന്നായിരുന്നു കേന്ദ്ര നിലപാട്.
പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Content Highlight; RSP leader Shibu Baby John reacts on PM Shri controversy