

തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്‌ഐ നേതാവിനെ സിപിഐഎം ഏരിയാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെയാണ് സിപിഐഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. കൊടകര ഏരിയ കമ്മിറ്റിയിലേക്കാണ് വൈശാഖനെ തിരിച്ചെടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ വൈശാഖനെ സിപിഐഎം സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈശാഖനെ ഏരിയ കമ്മിറ്റിയിലേക്ക് മടക്കി കൊണ്ടുവരാനുളള നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയാ കമ്മിറ്റിയിലേക്ക് വൈശാഖനെ തിരിച്ചെടുക്കാനുളള തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയിരുന്നു. നടപടി നേരിടുന്ന സമയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ ജില്ലാ തലത്തില്‍ നിന്ന് ബ്രാഞ്ച് തലത്തിലേക്കാണ് തരംതാഴ്ത്തിയത്.
കഴിഞ്ഞ മാസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കിക്കൊണ്ടുവരാനുളള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ജില്ലാ കമ്മിറ്റി യോഗത്തിലും സമാന നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന ഘടകമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ മുഖമായി ചാനല്‍ ചര്‍ച്ചകളിലും പ്രതിരോധനങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് വൈശാഖനെതിരെ വനിതാ നേതാവ് പരാതിയുമായി രംഗത്തെത്തിയത്.
Content Highlights: NV Vaisakhan reinstated in CPIM area committee