

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഭിന്നശേഷിക്കാരന് പൊലീസ് മര്‍ദനമെന്ന് പരാതി. തോട്ടപ്പള്ളി സ്വദേശി സുജിത്തിനെ പൊലീസ് മർദിച്ചതായാണ് ആരോപണം. തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് സംഭവം. മദ്യപിച്ചതിനെ ചോദ്യം ചെയ്തായിരുന്നു പൊലീസ് മർദനം.
പൊലീസിൽ നിന്ന് കടുത്ത മർദനമാണ് നേരിട്ടതെന്ന് സുജിത്ത് പറഞ്ഞു. വീടിന് സമീപത്ത് താനും സുഹൃത്തുകളും സംസാരിച്ച് ഇരിക്കുകയായിരുന്നു. ഈ സമയം പൊലീസ് ജീപ്പിൽ എസ്ഐ ഉൾപ്പടെയുള്ളവർ എത്തി തന്നെ ചോദ്യം ചെയ്യുകയായിരുന്നവെന്ന് സുജിത്ത് പറഞ്ഞു.
മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഉച്ചയ്ക്ക് താൻ വീട്ടിൽ വെച്ച് മദ്യപിച്ചിരുന്നതായി സമ്മതിച്ചതായി സുജിത്ത് പറഞ്ഞു. പിന്നാലെ തന്നോട് ജീപ്പിൽ കയറാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ എസ്ഐ കരണത്ത് അടിക്കുകയായിരുന്നുവെന്നും സുജിത്ത് കൂട്ടിച്ചേർത്തു. അമ്പലപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പടെയുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. പരിക്കേറ്റ സുജിത്ത് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് സുജിത്ത്.
Content Highlights- Disabled man complains of being beaten up by police