
തിരുവനന്തപുരം: ശബരിമലയിലെ യോഗദണ്ഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടും ദുരൂഹത. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പത്മകുമാറിനാണ് യോഗദണ്ഡും രുദ്രാക്ഷമാലയും സ്വര്‍ണ്ണം പൂശാന്‍ ചുമതല നല്‍കിയത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിന്റെ മകനെ ചുമതല ഏല്‍പ്പിച്ചതെന്നത് വ്യക്തമല്ല. ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയിരുന്നോ എന്നതും സംശയമുനയില്‍ നില്‍ക്കുകയാണ്.
ശ്രീകോവിലിനുള്ളിലെ ഗര്‍ഭക്ഷേത്രത്തില്‍ മാത്രം സൂക്ഷിക്കുന്ന യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോയോ എന്നതിലാണ് വ്യക്തത കുറവുള്ളത്. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്ക് തൊട്ടുമുന്‍പാണ് യോഗഗണ്ഡിന്റെ അറ്റകുറ്റപ്പണിയും നടന്നത്.
സന്നിധാനത്ത് തന്നെയാണ് സ്വര്‍ണം ചുറ്റുന്ന പ്രവൃത്തി നടന്നതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചെങ്കിലും രേഖകളില്‍ സ്ഥലം വ്യക്തമാക്കിയിട്ടില്ല. 2019 ലെ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമാണ് സ്വര്‍ണം ചുറ്റാനായി യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തെടുത്തത്. മഹസറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
അതേസമയം ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ യാതൊരു അവ്യക്തയും ഇല്ലെന്ന് എ പത്മകുമാര്‍ പറഞ്ഞു. തടികൊണ്ടുള്ളതാണ് യോഗദണ്ഡ്. അതൊന്ന് വൃത്തിയാക്കണമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസിയായ തന്റെ മകനെ ഏല്‍പ്പിക്കുകയായിരുന്നു. അവന്റെ ചിലവിലാണ് അത് ചെയ്തത്. ശബരിമലയില്‍ വെച്ച് തന്നെയായിരുന്നു അറ്റകുറ്റപ്പണി നടത്തിയതെന്നും പത്മകുമാര്‍ വിശദീകരിച്ചു.
Content Highlights: Mystery surrounds the gold plating of Yoga Danda in Sabarimala