അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കുംബ്ലെ ബെല്ലടിച്ചു, പാകിസ്താനെതിരായ ചരിത്ര നേട്ടത്തിന്റെ ഓർമയിലേക്ക്...

ഡല്‍ഹി സ്റ്റേഡിയത്തില്‍ കുംബ്ലെ ബെല്ലടിക്കാനെത്തിയതിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കുംബ്ലെ ബെല്ലടിച്ചു, പാകിസ്താനെതിരായ ചരിത്ര നേട്ടത്തിന്റെ ഓർമയിലേക്ക്...
dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനുള്ള മണി മുഴക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കുംബ്ലെ മണി മുഴക്കുമ്പോള്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മയും ഒപ്പമുണ്ടായിരുന്നു.

ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ എല്ലാ ദിവസവും കളിയുടെ തുടക്കം പ്രഖ്യാപിക്കുന്നതിന് വേണ്ടി സ്റ്റേഡിയത്തില്‍ മണി മുഴക്കുന്നത് പതിവാണ്. കളിക്കാര്‍ കളിക്കളത്തിലേക്ക് എത്തുന്നതിന് വേണ്ടി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് ഈ ആചാരം.

ഡല്‍ഹി സ്റ്റേഡിയത്തില്‍ കുംബ്ലെ ബെല്ലടിക്കാനെത്തിയതിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റെന്ന അത്ഭുതനേട്ടം കുംബ്ലെ സ്വന്തമാക്കിയത് ഇതേ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്.

1999 ഫെബ്രുവരി 7 ന് പാകിസ്താനെതിരെയായിരുന്നു ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റും നേടി താരം ചരിത്രം സൃഷ്ടിച്ചത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ബോളറായി മാറി താരം. 1956 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 53 റണ്‍സിന് 10 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ആദ്യത്തെ താരം.

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരമായിരുന്നു ഡല്‍ഹി ടെസ്റ്റ്. ചെന്നൈയില്‍ 12 റണ്‍സിന്റെ നേരിയ തോല്‍വിക്ക് ശേഷം ഇന്ത്യ 0-1 ന് പിന്നിലായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താന്‍ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയ വസീം അക്രം 23 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സ് മാത്രമാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ ഇന്ത്യയുടെ സ്പിന്‍ ജോഡിക്കെതിരെ പൊരുതി. കുംബ്ലെ 75 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഹര്‍ഭജന്‍ സിംഗ് 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി സന്ദര്‍ശകരുടെ സ്‌കോര്‍ 172 ല്‍ ഒതുക്കി. 32 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയായിരുന്നു പാകിസ്താന്റെ ടോപ് സ്‌കോറര്‍.

ഒന്നാം ഇന്നിങ്‌സില്‍ 80 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്‌സില്‍ 339 റണ്‍സിന്റെ ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തി. സദഗോപ്പന്‍ രമേശിന്റെ 96 റണ്‍സിന്റെയും സൗരവ് ഗാംഗുലിയുടെ 62 റണ്‍സിന്റെയും മികവിലായിരുന്നു അത്. സഖ്ലെയ്ന്‍ മുഷ്താഖിന്റെ അഞ്ച് വിക്കറ്റ് നേട്ടം ഉണ്ടായിരുന്നിട്ടും ഇതോടെ പാകിസ്താന് 420 റണ്‍സിന്റെ വമ്പന്‍ ലക്ഷ്യമായിരുന്നു ലഭിച്ചത്.

Content Highlights: Anil Kumble Rings the Bell for the India vs West Indies 2nd Test

dot image
To advertise here,contact us
dot image