
ന്യൂഡൽഹി: കേരളത്തിന്‍റെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി ഉൾപ്പടെ അഞ്ച് കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൻറെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ അടിയന്തരമായ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടത്.
എയിംസ് കോഴിക്കോട് വേണമെന്നത് പ്രത്യേക താല്പര്യത്തിന്റെ ഭാഗമല്ല, അവിടെ മാത്രമാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. അവിടം മാത്രമാണ് നമുക്ക് മുന്നിലുള്ള സ്ഥലം. ആവശ്യമായ അത്രയും സ്ഥലം കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ഏറ്റെടുത്തിട്ടുള്ളത്. കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി ത്വരിതപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രത്തോട് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. അവ അംഗീകരിച്ചില്ലെങ്കിൽ അതിനോടുള്ള പ്രതികരണം രേഖപ്പെടുത്തും. കേന്ദ്രവും സംസ്ഥാനവും പരസ്പരം ബന്ധപ്പെട്ടുപോകേണ്ടവരാണ്. എയിംസ് വിഷയത്തിലെ സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ക്രമക്കേടിൽ അന്വേഷണം നടക്കട്ടേയെന്നും കുറ്റവാളികൾ നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്താനുള്ള ഹൈക്കോടതി തീരുമാനത്തെ പിന്തുണയ്ക്കുകയാണ് സർക്കാർ. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡിന് വീഴ്ച പറ്റിയതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ആർക്കാണ് വീഴ്ച പറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകതന്നെ ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പോറ്റി ആരോപണം ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെ കരുതലോടെ ശ്രദ്ധിക്കുകയാണ് വേണ്ടത്. രാഷ്ട്രീയതലത്തിലുള്ള ചില ഗൂഢാലോചനകളാണ് ഇതിനുപിന്നില്‍ ഉണ്ടായിട്ടുള്ളത്. ആഗോള അയ്യപ്പസംഗമം നടക്കരുതെന്ന് നിർബന്ധമുള്ള ചിലരുണ്ടായിരുന്നു. അവർ അയ്യപ്പ സംഗമത്തെ തകർക്കാൻ മാത്രമല്ല ബദൽ സംഗമം നടത്താനും ആലോചിച്ചിരുന്നു. അത്തരം ശക്തികൾക്കുള്ള പങ്ക് അന്വേഷിക്കേണ്ടിവരും.
നിയമസഭയിൽ ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. 'എട്ടുമുക്കാലട്ടി' എന്നത് നാടൻ പ്രയോഗമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ നടത്തിയ പരാമർശം നജീബ് കാന്തപുരത്തെ ലക്ഷ്യമിട്ടായിരുന്നില്ല. ആരോഗ്യമില്ലാത്തയാൾ എന്നാണ് ഉദ്ദേശിച്ചത്. നജീബ് കാന്തപുരം ആരോഗ്യമുള്ളയാളാണ്. ആരോഗ്യമില്ലാത്ത ആളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്‍റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും അദ്ദേഹത്തിന്‍റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പ് ശേഷി പുനസ്ഥാപിക്കല്‍, ഐ ജി എസ് ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് തുടങ്ങിയവ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ജിഎസ്ഡിപിയുടെ 0.5% അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.
സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്‍റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നേരിടുന്ന നിലവിലെ ധന ഞെരുക്കത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ തേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയില്‍ സംസ്ഥാനത്തിന്‍റെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. 2024ല്‍ വയനാട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ശേഷം പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമുള്ള കൂടുതല്‍ സഹായത്തിനായി ദുരന്ത നിവാരണ സഹായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു. അത് തുടര്‍ന്നും പരിഗണിക്കും എന്ന ഉറപ്പും നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എന്‍എച്ച് 66 ലെ പ്രവൃത്തിയിലെ 16 റീച്ചുകളുടെ വിശദമായ റിവ്യൂ മീറ്റിംഗ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായുള്ള യോഗത്തില്‍ നടന്നു. ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്‍റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. പൂര്‍ത്തികരിച്ച റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: cm pinarayi vijayan about sabarimala gold issue