മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചെലവിട്ട് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ

ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവിൽ പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും സ്പോൺസർമാരായ റിപ്പോർട്ടർ ടിവി അറിയിച്ചു

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചെലവിട്ട് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ
dot image

മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ തുടങ്ങിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.

'ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭാവിയിൽ ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിർമാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻപതിനായിരം കാണികൾക്ക് മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഒരുക്കും. സ്റ്റേഡിയത്തിന്റെ സുരക്ഷയുറപ്പാക്കാനും നടപടികൾ പുരോഗമിക്കുന്നു. സീലിങ്ങിന്റെ സ്ട്രെങ്തനിങ് ഉൾപ്പെടെ നടത്തും. സ്റ്റേഡിയത്തിന്റെ ചുറ്റും അറ്റകുറ്റപ്പണികൾ നടത്തുമെന്നും റിപ്പോർട്ടർ എംഡി അറിയിച്ചു.

ജിസിഡിഎയിൽ നിന്ന് സ്റ്റേഡിയം ഏറ്റെടുത്ത് നിർമാണം തുടങ്ങി. ടിക്കറ്റ് നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ
ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവിൽ പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും സ്പോൺസർമാരായ റിപ്പോർട്ടർ ടിവി അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതയോഗം ചേർന്നിരുന്നു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവർ കൂടി പങ്കെടുത്ത യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ മേൽനോട്ടത്തിൽ സമിതി രൂപീകരിക്കുകയും ചെയ്തു.

ഡി ജി പി റവാഡ ചന്ദ്രശേഖറിന്റെ മേൽനോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ കലക്ടർ ജി പ്രിയങ്ക നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്. മെസിയേയും ലോകകപ്പ് നേടിയ അർജന്റീന ടീമിനേയും കാണാൻ എല്ലാ ഫുട്ബോൾ പ്രേമികൾക്കും അവസരം ഒരുക്കുന്ന തരത്തിലാകും സജ്ജീകരണങ്ങൾ.

കഴിഞ്ഞയാഴ്ച്ച അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അര്‍ജന്റീന മാനേജര്‍ മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

Content Highlights: kochi stadium will renovate for messi for 70 crore , Reporter MD Anto augustine says

dot image
To advertise here,contact us
dot image