
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ നിന്ന് കണ്ണൂര്‍, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ആഭ്യന്തര സുരക്ഷാ, സ്ത്രീ സുരക്ഷാ, തീരദേശ സുരക്ഷ അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കൂടുതല്‍ ധനസഹായങ്ങള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴച്ച. രാവിലെ 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു. ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 2000 കോടി ധനസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. അതോടൊപ്പം കേന്ദ്രം അനുവദിച്ച 260 കോടി അപര്യാപ്തമെന്നും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചതായി സൂചനയുണ്ട്.
കേരളത്തിന്‍റെ എയിംസ് ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയേയും മുഖ്യമന്ത്രി കണ്ടു. കേരളത്തിൽ എത്രയും വേഗം എയിംസ് അനുവദിക്കാനുള്ള നടപടികളിലേക്ക് കടക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. ദേശീയപാതാ വികസനമടക്കമുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. നിയമസഭാ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ പരമാവധി കേന്ദ്രസഹായം സംസ്ഥാനത്തെത്തിക്കാനാണ് ശ്രമം. വയനാട് ദുരന്ത സഹായത്തില്‍ കേന്ദ്രത്തെ പഴി പറയുമ്പോള്‍ തന്നെ സംസ്ഥാനത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.
Content Highlight; Pinarayi Vijayan meets Amit Shah in Delhi