
പാലക്കാട്: വീണ്ടും പ്രജാ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് പ്രജാരാജ്യമാണെന്ന് കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍ എന്നും കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പാലക്കാട് ചെത്തലൂരില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് അത് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഇത് പ്രജാരാജ്യമാണ്. പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരല്‍ചൂണ്ടി പ്രജകള്‍ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാന്‍ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങള്‍ക്ക് ഞാന്‍ പുല്ലുവിലയാണ് നല്‍കുന്നത്. നേരത്തെ ഞാൻ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞിപാത്രത്തിലാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞിപാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്നപാത്രം എന്ന് പറഞ്ഞത് ഇഷ്ടമാകുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് തന്നെ അതെറിയണം': എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
നേരത്തെയും ജനങ്ങളെ സുരേഷ് ഗോപി പ്രജകള്‍ എന്ന് അഭിസംബോധന ചെയ്തിരുന്നു. 'ഞാന്‍ കടപ്പെട്ടിരിക്കുന്നത് പ്രജകളോട് മാത്രമാണ്. പ്രജകള്‍ക്ക് ഞാന്‍ ജാതിയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ ഗന്ധത്തിന്റെയോ അതിര്‍വരമ്പുകള്‍ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. പക്ഷെ ഞാന്‍ സൃഷ്ടിച്ചുവെന്ന് ദുഷ്ടലാക്കോടെ അവതരിപ്പിക്കുന്നവന്മാര്‍ നാശത്തിലേക്കാണ്. ഞാന്‍ ദൈവത്തിനോട് ചേര്‍ന്നുനില്‍ക്കുന്നയാളാണ്. മനുഷ്യസഹജമായ തെറ്റുകള്‍ പറ്റാറുണ്ട്': എന്നായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞത്.
Content Highlights: Suresh Gopi Kalunk Samvadha Paripadi Praja Remark again