
ബാഗ്ദാദ് അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലിൽ മാമാങ്കം ഡാന്‍സ് സ്കൂള്‍ പങ്കെടുക്കുന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് റിമ കല്ലിങ്കല്‍.തിയേറ്റര്‍ ഫെസ്റ്റിവലില്‍ പ്രൊഡക്ഷനുമായി പലസ്തീനും പങ്കെടുക്കുന്നുണ്ടെന്നുള്ളതാണ് തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്നും ഡാന്‍സ് സ്കൂള്‍ ഡയറക്ടറായ റിമ പറഞ്ഞു. റിമയുടെ പലസ്തീന്‍ അനുകൂല പരാമര്‍ശത്തെ അനുകൂലിച്ചും അഭിനന്ദിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
'നാളെ ഞങ്ങൾ ബാഗ്ദാദ് അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോവുകയാണ്. പതിനേഴ് രാജ്യങ്ങളാണ് പ്രൊഡക്ഷനുമായി എത്തുന്നത്. അതിൽ ഏറ്റവും സന്തോഷമുള്ള കാര്യം ഫെസ്റ്റിവലിൽ ഒരു പ്രൊഡക്ഷനുമായി വരുന്നത് പലസ്തീൻ ആണെന്നതാണ്. ' റിമ പറഞ്ഞു. മഹാരാജാസ് ഡാൻസ് ക്ലബിൻ്റെ ഉദ്ഘാടന പരിപാടിക്കിടയിലായിരുന്നു റിമയുടെ പ്രതികരണം. വലിയ കയ്യടിയാണ് റിമയുടെ പ്രതികരണത്തിന് പിന്നാലെയുണ്ടായത്. സിനിമ മേഖലയിൽ നിന്ന് റിമയെ കൂടാതെ നടൻ ഇർഷാദ്, നടി ജ്യോതിർമയി, നിഖില വിമൽ, ദിവ്യ പ്രഭ ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവർ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
പലസ്തീൻ സോളിഡാരിറ്റി ഫോറം, ചിന്ത രവി ഫൗണ്ടേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ 'ഗാസയുടെ പേരിൽ' എന്ന കൂട്ടായ്മയുടെ പരിപാടിക്കിടയിലായിരുന്നു ഗാസയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട പേരറിയാവുന്ന 18,000 കുട്ടികളുടെ പേരുകൾ വായിച്ച് താരങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
Content Highlights- Rima Kallingal extended Solidarity towards Palestine