ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന 'നെക്സ്റ്റ് ജെന്‍ കേരള-തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം നടന്നു

കേരളത്തിന്റെയും ഓരോരുത്തരുടെയും മണ്ഡലത്തിന്റെയും വികസനം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ വെബ്‌സൈറ്റുമുണ്ടാകും

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന 'നെക്സ്റ്റ് ജെന്‍ കേരള-തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം നടന്നു
dot image

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'നെക്സ്റ്റ് ജെന്‍ കേരള- തിങ്ക് ഫെസ്റ്റ് 2026' ന്റെ ലോഗോ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ വെച്ച് സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. പുതിയ തലമുറയുടെ സ്വപ്‌നങ്ങളാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടിയുളള സ്വപ്‌നങ്ങള്‍ ആസൂത്രണം ചെയ്യുന്ന നെക്സ്റ്റ് ജെന്‍ കേരള പോലുളള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ഇന്ന് ഒരു വര്‍ഷം എന്നത് ഒരു നൂറ്റാണ്ടിനേക്കാള്‍ അധികം മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്ന കാലഘട്ടമാണെന്നും മിഷന്‍ 2031 പോലുളള അഞ്ചുവര്‍ഷ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുന്നത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് അധ്യക്ഷത വഹിച്ചു.

ഭാവി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് യുവാക്കളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയാണ് നെക്സ്റ്റ് ജെന്‍ കേരള- തിങ്ക് ഫെസ്റ്റ് 2026. കേരളം തുറന്നുതരുന്ന സാധ്യതകളെയും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും ഒരുപോലെ മനസിലാക്കി അടുത്ത തലമുറ കേരളം പടുത്തുയര്‍ത്താന്‍ മലയാളി യുവജനങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുളള വേദിയാകും നെക്സ്റ്റ് ജെന്‍ കേരള. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ജോയിന്‍ അസ് ക്യാംപെയ്‌നിലൂടെ യുവാക്കളുടെ നിര്‍ദേശങ്ങളും സ്വീകരിക്കും.

കേരളത്തിന്റെയും ഓരോരുത്തരുടെയും മണ്ഡലത്തിന്റെയും വികസനം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ വെബ്‌സൈറ്റുമുണ്ടാകും. പൊതുജനാരോഗ്യം, ഉന്നത വിദ്യാഭ്യാസം, പൊതുഗതാഗതം, സ്ത്രീ പങ്കാളിത്തം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, ന്യൂ എനര്‍ജി, വ്യവസായം, കൃഷി, സ്‌പോര്‍ട്‌സ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഫെസ്റ്റിവല്‍ നടത്തുക. മന്ത്രിമാരും ജനപ്രതിനിധികളും അക്കാദമിക് വിദഗ്ദരും വ്യവസായികളും വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമാകും. കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്ന ഡെവലപ്‌മെന്റ് ക്വിസ്, റാപ് ഫെസ്റ്റിവല്‍, ട്രഷര്‍ ഹണ്ട്, എക്‌സിബിഷന്‍ തുടങ്ങിയ ക്രിയാത്മകമായ പരിപാടികളും നടക്കും.

Content Highlights: DYFI's 'Next Gen Kerala-Think Fest 2026' logo launched

dot image
To advertise here,contact us
dot image