'ഒരുക്കിയ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തി, മത്സരം നവംബറിൽ തന്നെ നടക്കും'; അർജന്റീന ടീം മാനേജർ കബ്രേര

മത്സരം നവംബറിൽ തന്നെ നടക്കുമെന്നും കബ്രേര അറിയിച്ചു.

'ഒരുക്കിയ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തി, മത്സരം നവംബറിൽ തന്നെ നടക്കും'; അർജന്റീന ടീം മാനേജർ കബ്രേര
dot image

കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച്‌ അർജന്റീന ടീം മാനേജർ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. മത്സരം നവംബറിൽ തന്നെ നടക്കുമെന്നും കബ്രേര അറിയിച്ചു. കൂടുതൽ ഒരുക്കങ്ങൾ വിലയിരുത്താൻ കൂടുതൽ സംഘം ഉടൻ അർജന്റീനയിൽ നിന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം സന്ദർശിച്ച ശേഷം റിപ്പോർട്ടർ ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു കബ്രേര.

സന്ദർശനത്തിൽ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാനും പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിന് പുറമെ എല്ലാ മലയാളി കായിക പ്രേമികൾക്കും മെസ്സിയെയും അർജന്റീന ടീമിനെയും കാണാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പങ്കുവെച്ചു.

ലോക ചാമ്പ്യന്മാരായ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കുന്നതിന്റെ ഭാഗമായി സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അർജന്റീന മാനേജർ മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചത്. ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. മന്ത്രിക്കൊപ്പം റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്‍റോ അഗസ്റ്റിനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു ഷറഫലിയും ഗോകുലം ഗോപാലനും ഉണ്ടായിരുന്നു.

ദിവസങ്ങൾക്ക് മുൻ‌പാണ് അർജന്റീന ഫുട്ബോൾ‌ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത നൽകിയിരുന്നില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ‌ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്. അതേസമയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തിയ്യതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

Content Highlights: Argentina team manager on kochi visit

dot image
To advertise here,contact us
dot image