
ഏഷ്യ കപ്പിൽ വീണ്ടും പാകിസ്താന്റെ പരാതി. ഹസ്തദാന വിവാദത്തിന്റെയും ബഹിഷ്കരണ ഭീഷണിയുടെയും ചൂടാറും മുമ്പെയാണ് പാകിസ്താൻ ടീം വീണ്ടും ഐസിസിക്ക് പരാതി നൽകിയത്. ഇന്ത്യയുടെ മത്സരം നിയന്ത്രിച്ച ടി വി അംപയര്‍ക്കെതിരെയാണ് ഇത്തവണ പാക് ടീമിന്റെ പരാതി.
ഹാര്‍ദിക് പണ്ഡ്യയുടെ പന്തില്‍ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ചിലാണ് പരാതി. ഉഗ്രന്‍ ഫോമില്‍ കളിക്കുകയായിരുന്ന ഫഖര്‍ സമാന്റെ പുറത്താകല്‍ ടി വി അംപയറുടെ തെറ്റായ തീരുമാനത്തില്‍ ആണെന്നും ഇത് കളിയുടെ ഗതിതന്നെ മാറ്റിയെന്നും പാകിസ്താൻ ടീം വാദിച്ചു.
ടി വി അംപയര്‍ക്കെതിരെ പാകിസ്താന്‍ ടീം മാനേജര്‍ നവീദ് ചീമ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനാണെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ പൈക്രോഫ്റ്റ് പരാതി സ്വീകരിച്ചില്ല. തന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമല്ല ഇതെന്നായിരുന്നു മാച്ച് റഫറിയുടെ മറുപടി. ഇതോടെയാണ് പാക് ടീം മാനേജ്‌മെന്റ് ഐസിസിക്ക് പരാതി നല്‍കിയത്.
നേരത്തെ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്ത ദാനം നൽകാത്ത സംഭവത്തിൽ പങ്ക് ആരോപിച്ച് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാക് ടീം ഐസിസിക്ക് പരാതി നൽകിയിരുന്നു. ഐ സി സി പരാതി നിരസിച്ചതിന് പിന്നാലെ പാക് ടീം ബഹിഷ്ക്കരണ ഭീഷണി മുഴക്കിയിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല.
Content Highlights: Pakistan files complaint with ICC again in Asia Cup; this time against TV umpire