
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല മുന്‍ എസ്എച്ച്ഒ അനില്‍ കുമാറിന് ജാമ്യം. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകളായതിനാല്‍ ഇന്നലെ ഫാസ്റ്റ് ട്രാക്ക് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു.
അഞ്ചുവർഷംവരെ തടവ് ലഭിക്കാവുന്നതും പിഴ ഈടാക്കാവുന്നതുമായ കുറ്റമാണ് അനിൽ കുമാറിന് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിരീക്ഷണമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നടത്തിയത്.
വാഹനം ഇടിച്ചതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. അനില്‍ കുമാറിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എസ്എച്ച്ഒയ്‌ക്കെതിരെ റേഞ്ച് ഐജി അജിതാ ബീഗം നടപടിക്ക് ശുപാർശ ചെയ്തിരുന്നു. റൂറല്‍ എസ്പി എസ് സുദര്‍ശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല ഐജിയ്ക്കാണ് റേഞ്ച് ഐജി നടപടി ശുപാർശ ചെയ്തത്. അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് ചേണിക്കുഴി സ്വദേശി രാജനെ ഇടിച്ചിട്ട് നിർത്താതെ പോയത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നാണ് മരിച്ചത്.
സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ്ഐആര്‍. അനില്‍ കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. വേഗതയില്‍ പോകുന്ന സമയത്ത് ഒരാളെ ഇടിച്ചു എന്ന് മനസിലായിരുന്നു. എന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്ന ഗുരുതര സ്വഭാവമുളള വാഹനാപകടമാണ് എന്ന് മനസിലായില്ല. അതുകൊണ്ട് വാഹനം നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു എന്നാണ് അനില്‍ കുമാര്‍ നല്‍കിയ മൊഴി. എന്നാൽ സംഭവം വിവാദമായതോടെ അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു. തുടർന്ന് അന്വേഷണം റൂറൽ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Content Highlights: Death of an elderly man in Kilimanoor: Former SHO Anilkumar granted bail