
ഗര്‍ഭിണികള്‍ ടൈലനോള്‍ (അസറ്റാമിനോഫെന്‍/പാരസെറ്റമോള്‍) കഴിക്കുന്നത് ശക്തമായി നിയന്ത്രിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ലോകമെങ്ങും വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞില്‍ ഓട്ടിസം, എഡിഎച്ച്ഡി എന്നിവയ്ക്ക് കാരണമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. പാരസമെറ്റമോള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ആശങ്ക ഉണ്ടായിരുന്നതിനാല്‍ ഈ പ്രസ്താവനയോടെ പലരും ഉത്കണ്ഠാകുലരായി. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
പാരസെറ്റമോള്‍ കഴിക്കുന്നത് ഓട്ടിസത്തിനോ, എഡിഎച്ച്ഡിക്കോ കാരണമാകുമെന്ന മുന്നറിയിപ്പുകള്‍ നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാരും മെഡിക്കല്‍ അസോസിയേഷനുകളും വ്യക്തമാക്കി. യുഎസിന്റെ ഈ നടപടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കാരണം ആഗോളതലത്തില്‍ പാരസെറ്റമോള്‍ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പൊതുജനാരോഗ്യ നയങ്ങളെയും രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയെയും ഇത് പ്രതികൂലമായി ബാധിക്കും.
പനിയോ, വേദനയോ പ്രതിവിധി പാരസെറ്റമോള്‍ എന്നതാണ് ഇന്ത്യയിലെ ഒരു രീതി, അമേരിക്കയില്‍ ടൈലനോള്‍. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതിനാല്‍ തന്നെ ഡോക്ടറല്ലെങ്കിലും യുഎസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന ട്രംപ് ഗര്‍ഭിണികള്‍ പനിവന്നാലും പാരസെറ്റമോള്‍ കഴിക്കരുതെന്ന് നിര്‍ദേശിച്ചപ്പോള്‍ ആശങ്കയിലായത് ഇന്ത്യയിലെ ജനങ്ങളാണ്. അതുകൊണ്ടുതന്നെ പാനിക് ആകേണ്ട എന്നും ഡോക്ടര്‍ പറയുന്നത് മാത്രം ശ്രദ്ധിക്കാനുമാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന ഏത് മരുന്നും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരു മരുന്നും സ്വന്തം നിര്‍ണയത്തില്‍ കഴിക്കരുതെന്നും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.
ഓട്ടിസത്തിനും പാരസെറ്റമോളിനും തമ്മില്‍ ബന്ധമില്ലെന്ന് ഡൈനക്കോളജിസ്റ്റ് ആയ ഡോ.ജയശ്രീ സുന്ദര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭിണികള്‍ക്ക് പനിയുള്ളപ്പോള്‍ താന്‍ പലപ്പോഴും ഈ മരുന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് പറയുന്നത് കേട്ട് ആളുകള്‍ പാനിക് ആകേണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ കേട്ട് ഭയന്ന് പനിക്കും മറ്റും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പാരസെറ്റമോള്‍ കഴിക്കാതെ ഇരുന്നാല്‍ അത് പിന്നീട് മറ്റുപല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാരസമെറ്റമോള്‍ കഴിക്കാതിരിക്കുന്നതിലും ഗുരുതരമാണ് പനിക്ക് ചികിത്സിക്കാതെ ഇരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: Don't Panic: Experts on Trump's Tylenol-Autism Link - 'No Credible Evidence