തദ്ദേശ തെരഞ്ഞെടുപ്പ്: ഔദ്യോഗികമായി പ്രവേശനം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസുമായി പ്രാദേശികമായി സഹകരിക്കും: അൻവർ

ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ പി വി അന്‍വര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി

തദ്ദേശ തെരഞ്ഞെടുപ്പ്: ഔദ്യോഗികമായി പ്രവേശനം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസുമായി പ്രാദേശികമായി സഹകരിക്കും: അൻവർ
dot image

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രാദേശിക കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നതായി പി വി അന്‍വര്‍. കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടേക്കാമെന്നും ഔദ്യോഗിക പ്രവേശനം ലഭിച്ചില്ലെങ്കിലും പ്രാദേശികമായി സഹകരിക്കും എന്നും പി വി അന്‍വര്‍ പറഞ്ഞു.

ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ പി വി അന്‍വര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തില്‍ എത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും മതേതരത്വവും തൊഴിലാളി സമീപനവും വിട്ട ഇടതുപക്ഷവും മുഖ്യമന്ത്രിയും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ എന്തുമോശം പ്രവര്‍ത്തിയും ചെയ്യും. അധികാരത്തിലെത്താന്‍ വര്‍ഗീയതയും ചെയ്യും എന്ന് വിളിച്ചുണര്‍ത്തുന്ന പരിപാടികളാണ് ചെയ്യുന്നത്. നിവര്‍ത്തികേട് കൊണ്ടാണ് പലരും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്. യഥാര്‍ത്ഥ ഭക്തര്‍ പങ്കെടുത്തില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും പി വി അന്‍വര്‍ രംഗത്തെത്തി. തുടര്‍ച്ചയായി കേരള സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രസ്താവനകള്‍ നടത്തുകയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും 35 വര്‍ഷം പ്രസ്ഥാനത്തെ നയിച്ചിട്ടും ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞാല്‍ ആരുടെ കഴിവുകേടാണെന്നും പി വി അന്‍വര്‍ ചോദിച്ചു. മലര്‍ന്നു കിടന്നു തുപ്പുന്നതിന് സമമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. മൂന്നുവര്‍ഷം മുമ്പുള്ള സിപിഐഎം ആണെങ്കില്‍ യോഗി ആദിത്യനാഥ് അയച്ച കത്ത് പൂഴ്ത്തിവെക്കും. ജാതീയ കാര്‍ഡ് എടുത്തവര്‍ വാളെടുത്തവന്‍ വാളാല്‍ എന്നു പറയുന്നതുപോലെ പരാജയപ്പെട്ടിട്ടുണ്ട്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്താല്‍ നന്ന് എന്നും പി വി അന്‍വര്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിലേക്ക് എന്തുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാത്രം ക്ഷണിച്ചതെന്നും പി വി അന്‍വര്‍ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാരെ എന്തുകൊണ്ട് ക്ഷണിച്ചില്ല. വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് സിപിഐഎം എന്നും പി വി അന്‍വര്‍ പറഞ്ഞു.

Content Highlights: Local Body Election Will cooperate with Congress locally even if not officially admitted Said P V Anvar

dot image
To advertise here,contact us
dot image