
ബഹ്‌റൈനിൽ അനുമതിയില്ലാതെ സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്കു ശിക്ഷ നൽകാൻ പ്രത്യേക നിയമം. അനധികൃത സാമ്പത്തിക ഇടപാടുകാരെ ലക്ഷ്യംവെച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. അനുമതിയില്ലാത്ത സാമ്പത്തിക, ബാങ്കിങ്, ഇൻഷുറൻസ്, ബ്രോക്കറേജ് സേവനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം നിർമാണം ഏർപ്പെടുത്തുന്നത്.
മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് പിഴ മാത്രമായിരുന്നു ശിക്ഷയായി നൽകിയിരുന്നത് എന്നാൽ പുതിയ നിയമമനുസരിച്ചു നിയമം ലംഘിക്കുന്നവർ ജയിൽശിക്ഷകൂടി അനുഭവിക്കണം. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻൻ്റെ ലൈസൻസില്ലാതെ സാമ്പത്തികസേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ജയിൽശിക്ഷയോ അല്ലെങ്കിൽ 10 ലക്ഷം ബഹ്‌റൈൻ ദിനാറിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ ഈ കരട് നിയമം നിർദേശിക്കുന്നു.
സിബിബിയുടെ അനുമതി ലഭിക്കാത്ത സ്ഥാപനങ്ങൾ ബാങ്ക് എന്ന വാക്കോ, അതിന് സമാനമായ വാക്കുകളോ തങ്ങളുടെ വ്യാപാര നാമങ്ങളിലോ വിലാസങ്ങളിലോ ഇൻവോയ്സുകളിലോ ഉപയോഗിക്കുന്നത് ഈ നിയമം കർശനമായി വിലക്കുന്നു. അതോടൊപ്പം ഇൻഷുറൻസ്, റീ-ഇൻഷുറൻസ് ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അത്തരം സേവനങ്ങൾ നൽകുന്നുവെന്ന് തോന്നിക്കുന്ന തരത്തിലുള്ള സേവങ്ങളോ വാക്കുകളോ ഉപയോഗിക്കാൻ പാടില്ല. അനുമതി ഇല്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി കൂടുതൽ നിയമങ്ങൾ നിർമിക്കാൻ പുതിയ കരട് നിയമം സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന് അധികാരം നൽകുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താനും പുതിയ നിയമം സഹായകമാകും. പുതുയ നിയമം രാജ്യത്തെ വിശ്വസ്ത പ്രാദേശിക സാമ്പത്തിക കേന്ദ്രമെന്ന നിലയിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ ഉപഭോക്താക്കളെ അനധികൃതവും വഞ്ചനാപരവുമായ ഇടപാടുകളിൽ നിന്ന് സംരക്ഷിക്കാനും സാധിക്കും. പുതിയ കരട് നിയമം ബഹ്‌റൈൻ സർക്കാർ നിയമനിർമാണ സഭക്ക് കൈമാറി.
Content Highlights: Penalties for carrying out Unlicensed Financial services in Bahrain