
കോഴിക്കോട്: ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകി ലോറി ഡ്രൈവർ മനാഫ്. തലയോട്ടി എടുത്തത് ശുചീകരണ തൊഴിലാളി അല്ല. മറ്റ് രണ്ടുപേർ തലയോട്ടിയെടുത്ത് നൽകി. തലയോട്ടിയെടുത്ത രണ്ടുപേരെ കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് നൽകി. വിശ്വാസ്യത കൂട്ടാൻ ചിലർ വ്യാജ തെളിവുകൾ സൃഷ്ടിച്ചു. സുജാത ഭട്ടിന്റെ മൊഴി വിശ്വാസത്തിൽ എടുത്തതിൽ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു. തനിക്ക് ആരെയും സംരക്ഷിക്കാൻ ഇല്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.
ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചില കള്ളനാണയങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണസംഘത്തോട് പറഞ്ഞുവെന്നും തനിക്ക് ആരെയും സംരക്ഷിക്കാൻ ഇല്ലെന്നും മനാഫ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ മനാഫ് ഉഡുപ്പി പൊലീസിന് മുന്നിൽ ഹാജരാകാതെ നാട്ടിലേയ്ക്ക് മടങ്ങി.
മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ ഇട്ടിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ധർമസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന വാർത്ത വന്നതിന് പിന്നാലെ ഒളിവിൽപ്പോയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.
കേരളത്തിലെ ആൾക്കാരെ വിഷയം അറിയിച്ചു. ഇതാണ് താൻ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് നേരത്തെ പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു. ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്.
കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സി എൻ ചിന്നയ്യ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ധർമ്മസ്ഥലയിൽ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയർന്നിരുന്നു. പിന്നാലെ കർണാടക സർക്കാർ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയായിരുന്നു.
ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുളള തെളിവുകൾ വ്യാജമാണ് എന്നായിരുന്നു എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയത്. മൊഴി അനുസരിച്ച് ധർമസ്ഥലയിലെ വിവിധയിടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളിൽ നിന്ന് മാത്രമാണ് അസ്ഥികൾ ലഭിച്ചത്. പിന്നാലെ ഓഗസ്റ്റ് 23-ന് സി എൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരുന്നു.
വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇതിനെ തുടർന്ന് സി എൻ ചിന്നയ്യയ്‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷ്യം പറയൽ, വ്യാജ രേഖ ചമയ്ക്കൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ പത്ത് കുറ്റങ്ങളാണ് ചുമത്തിയത്. ചിന്നയ്യ പറഞ്ഞയിടങ്ങളിൽ നിന്ന് കണ്ടെത്തിയ അസ്ഥികളെയും ധർമസ്ഥലയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ അസ്വാഭാവിക മരണ റിപ്പോർട്ടുകളെക്കുറിച്ചുമുളള അന്വേഷണം പുരോഗമിക്കുകയാണ്. ചിന്നയ്യ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകൾ ചേർത്തിരിക്കുന്നതെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.
ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു സിഎൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. അവസാനം കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു അദ്ദേഹം പരാതി നൽകിയത്. ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുളള തെളിവുകൾ വ്യാജമാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൊഴി അനുസരിച്ച് ധർമസ്ഥലയിലെ വിവിധയിടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളിൽ നിന്ന് മാത്രമാണ് അസ്ഥികൾ ലഭിച്ചത്.
Content Highlights: Manaf to the investigation team that statements and evidence submitted in the Dharmasthala case were false