നയിക്കുന്നവനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കൾക്ക് മാത്രമെ സഹായകമാവു; സൈബര്‍ ആക്രമണത്തിൽ രാജു പി നായർ

പലരും പലരേയും സ്‌നേഹിച്ചു ചെയ്യുന്നത് അവരോടും പാര്‍ട്ടിയോടുമുള്ള ദ്രോഹമാണെന്നും രാജു പി നായര്‍ അഭിപ്രായപ്പെട്ടു

നയിക്കുന്നവനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കൾക്ക് മാത്രമെ സഹായകമാവു; സൈബര്‍ ആക്രമണത്തിൽ രാജു പി നായർ
dot image

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍. മുന്നില്‍ നിന്നും നയിക്കുന്നവനെ ദുര്‍ബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് മാത്രമെ സഹായകമാവുകയുള്ളൂവെന്ന് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പലരും പലരേയും സ്‌നേഹിച്ചു ചെയ്യുന്നത് അവരോടും പാര്‍ട്ടിയോടുമുള്ള ദ്രോഹമാണെന്നും രാജു പി നായര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും പങ്ക് അന്വേഷിക്കണമെന്നും യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടക്കുന്നത്. ഇതിനെതിരെയാണ് രാജു പി നായര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടിയെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണ്. ആ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തന്നെയാണ്. അവര്‍ അവരുടെ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചത്. ആ തീരുമാനം ധാര്‍മ്മികമായും രാഷ്ട്രീയമായും ശരിയാണെന്ന വ്യക്തിപരമായ ബോധ്യമുണ്ട്. രാഹുലിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതൃത്വത്തിനും ബോധ്യപ്പെട്ടതില്‍ നിന്നാണ് നടപടിക്കുള്ള തീരുമാനം ഉണ്ടായത്. ഏത് കാര്യത്തിനും നൂറ് അഭിപ്രായമുള്ള കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ ആര്‍ക്കും ആ നടപടിയില്‍ ഭിന്നാഭിപ്രായം എന്ത് കൊണ്ടുണ്ടായില്ല എന്ന് സംശയമുള്ളവര്‍ ചിന്തിക്കണം എന്നും രാജു പി നായര്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടിയെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണ്. ആ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടത് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും തന്നെയാണ്. അവര്‍ അവരുടെ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചത്. ആ തീരുമാനം ധാര്‍മ്മികമായും രാഷ്ട്രീയമായും ശരിയാണെന്ന വ്യക്തിപരമായ ബോദ്ധ്യമുണ്ട്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കണമെങ്കില്‍ അത് ചെയ്യേണ്ടത് പരാതി ഉള്ളവരാണ്. പക്ഷെ രാഹുലിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതൃത്വത്തിനും ബോധ്യപ്പെട്ടതില്‍ നിന്നാണ് നടപടിക്കുള്ള തീരുമാനം ഉണ്ടായത്. ഏത് കാര്യത്തിനും നൂറ് അഭിപ്രായമുള്ള കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ ആര്‍ക്കും ആ നടപടിയില്‍ ഭിന്നാഭിപ്രായം എന്ത് കൊണ്ടുണ്ടായില്ല എന്ന് സംശയമുള്ളവര്‍ ചിന്തിക്കണം.
രാഷ്ട്രീയമായി ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള നിര്‍ണ്ണായക ഘട്ടത്തില്‍, ഈ വിഷയം ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുകയല്ല വേണ്ടത്. ഈ ഒരു മാസക്കാലം കൊണ്ട് സി.പി.എമ്മിലെ കത്ത് വിവാദം, ശബരിമല സംഗമം, പോലീസ് അതിക്രമങ്ങള്‍, വോട്ട് ചോരി മുതല്‍ കാതലായ എത്രയോ പ്രശ്‌നങ്ങളിലാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നത് രാഷ്ട്രീയമായ ശരി തന്നെയായിരുന്നു. നേതൃത്വം അത് മൂന്നേ മൂന്ന് ദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ആ വിഷയം അടഞ്ഞ അദ്ധ്യായമാണെന്ന് പറഞ്ഞത് പാര്‍ട്ടിയുടെ നേതൃത്വം തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്രയും വേഗം, രണ്ടാമതൊരു അഭിപ്രായമില്ലാതെ, ഈ വിഷയത്തില്‍ തീരുമാനമെടുത്തതോടെ സി.പി.എം. ആണ് വെട്ടിലായത്. അതോടെയാണ് സമരം ഷാഫി പറമ്പിലിനെ കൂടി ടാര്‍ഗറ്റ് ചെയ്ത് വിഷയം സജീവമാക്കി നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഷാഫി നടത്തിയ പ്രതികരണത്തോടെ പ്രതിരോധത്തിലായ സി.പി.എം. പോലീസിനെ ഉപയോഗിച്ച് പരാതിക്കാരെ അന്വേഷിച്ചിറങ്ങുന്നതിന്റെയും, അത് വാര്‍ത്തകളായി പുറത്ത് വിടുന്നതിന്റെയും, സി.പി.എമ്മിന്റെ പ്രോക്‌സി ചാനലുകള്‍ ആ വിഷയം സജീവമായി നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെയും രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാത്ത ചില സൈബര്‍ പോരാളികള്‍ സി.പി.എമ്മിന് വളമായി മാറുകയാണെന്ന് തിരിച്ചറിയണം. കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ ഇല്ലാത്ത പ്രശ്‌നം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഇന്ന് ഉപകരണമാവുന്നത് ഈ പോരാളികള്‍ ആണ്. അടുത്ത തിരഞ്ഞെടുപ്പ് ജയിക്കണോ അതോ ഈ വിഷയം പ്രതിരോധിച്ച് നില്‍ക്കണമോ എന്നത് സ്വയം തീരുമാനിക്കുക. അവര്‍ രാഹുലിനെ ടാര്‍ഗറ്റ് ആക്കി നിലനിര്‍ത്തുന്നത് കൊണ്ട് അത് അദ്ദേഹത്തിനും ഗുണമാണോ ഉണ്ടാക്കുന്നതെന്ന ചോദ്യവും സ്വയം ചോദിക്കുക.
നിര്‍ണ്ണായക സമയങ്ങളില്‍ അഴകൊഴമ്പന്‍ സമീപനം എടുക്കുകയല്ല, നിശ്ചയദാര്‍ഢ്യത്തോടെ ഉറച്ച തീരുമാനം എടുക്കുക എന്നതാണ് നേതൃത്വഗുണം. നിലമ്പൂരില്‍ അന്‍വറിനെ പിണക്കുന്നത് തിരഞ്ഞെടുപ്പ് തോല്‍ക്കാന്‍ ഇടയാക്കുമെന്ന് ചിന്തിച്ച ഒട്ടേറെ കോണ്‍ഗ്രസ്സുകാര്‍ ഉണ്ടായിരുന്നു. പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ ആക്രമണം മുഴുവന്‍ നേരിട്ടത് വി.ഡി. സതീശനാണ്. ഈ രണ്ട് തിരഞ്ഞെടുപ്പിലും തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് പറയാനുള്ള രാഷ്ട്രീയ ബോദ്ധ്യം സതീശന് ഉണ്ടായിട്ടുണ്ടെങ്കില്‍, അത് വിജയിച്ചിട്ടുണ്ടെങ്കില്‍, ആ ബോദ്ധ്യം ജനങ്ങളെ മനസ്സിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാവുന്ന ബോദ്ധ്യമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ വനവാസത്തിന് പോവുമെന്ന് പറയാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ ബോദ്ധ്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ആധികാരിക രേഖയൊന്നുമല്ലെങ്കിലും സമീപ കാലത്തെ 'മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ' കണ്ടു ബോദ്ധ്യപ്പെടുക. മുന്നില്‍ നിന്ന് നയിക്കുന്നവനെ ദുര്‍ബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് മാത്രമേ സഹായകമാവുകയുള്ളു. പലരും പലരേയും സ്‌നേഹിച്ചു ചെയ്യുന്നത് അവരോടും പാര്‍ട്ടിയോടുമുള്ള ദ്രോഹമാണ്.
ഈ ഒരു പരസ്യ പ്രതികരണത്തിന് പലപ്പോഴും ഞാന്‍ സംഭാവന ചെയ്യരുത് എന്ന് കരുതിയതാണ്. പക്ഷെ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഗൂഡലോചനയുടെ പോലും ഭാഗമാക്കുന്ന ഫാന്‍സിന്റെ പ്രവര്‍ത്തനം കണ്ടിട്ട് ഇനിയും മിണ്ടാതിരിക്കുന്നത് പ്രസ്ഥാനത്തോട് ചെയ്യുന്ന നീതിയാവില്ല എന്ന ബോദ്ധ്യത്തിലാണ് ഇത്രയും പറയുന്നത്, ഇതിനപ്പുറം പറയാതിരിക്കുന്നത്.

Content Highlights: Congress Leader Raju P Nair Against Cyber Attacking Against V D Satheesan And ramesh Chennithala

dot image
To advertise here,contact us
dot image