
പെട്ടെന്നൊരു ദിവസം നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇന്നലെ വരെ നിങ്ങള്‍ ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും ഉപയോഗിക്കാന്‍ പറ്റാതെ വരുന്നു. ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം യൂട്യൂബ് ട്വിറ്റര്‍ അങ്ങനെയെല്ലാം. അത്രയും നാള്‍ നിങ്ങള്‍ ഓണ്‍ലൈനായി കണ്ടിരുന്ന മനുഷ്യര്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്നിവയെല്ലാം പൊടുന്നനെ നഷ്ടമാകുന്നു. പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാവാം അത്. എന്നാല്‍ അത്തരത്തില്‍ ഒരവസ്ഥയിലൂടെയായിരുന്നു നേപ്പാളിലെ ജെന്‍സി കിഡ്‌സ് ഉള്‍പ്പടെയുള്ള നെറ്റിസണ്‍സ് കടന്നു പോയത്. പിന്നാലെ നേപ്പാളില്‍ വന്‍ സംഘര്‍ഷം ഉടലെടുത്തു. സോഷ്യല്‍ മീഡിയോ നഷ്ടമായപ്പോള്‍ വിറളി പൂണ്ട ഒരു കൂട്ടം ജെന്‍സി പിള്ളേര്‍ അങ്ങനെയായിരുന്നു പലരും ആ പ്രതിഷേധത്തെ കണ്ടിരുന്നത്. എന്നാല്‍ പ്രതിഷേധത്തിനിടയില്‍ 20 ഓളം പേര്‍ കൊല്ലപ്പെടുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി സമൂഹ മാധ്യമങ്ങളുടെ വിലക്ക് നീക്കി സര്‍ക്കാര്‍ പ്രശ്‌നമൊതുക്കാന്‍ ശ്രമിക്കുന്നു.
ആപ്പുകളുടെ നിരോധനത്തിന് കാരണം അവ രാജ്യത്ത് രജിസ്റ്റര്‍ ചെയിതിട്ടില്ലായെന്നത് മാത്രമാണ് കാരണം എന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് യുവാക്കളും ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ ബാന്‍ നീക്കിയാല്‍ തീരുമെന്ന് കരുതിയ സര്‍ക്കാരിന് പിഴച്ചു. സോഷ്യല്‍ മീഡിയ്ക്ക് വേണ്ടി മാത്രം പ്രതിഷേധിക്കാനിറങ്ങിയതായിരുന്നില്ല നേപ്പാളിലെ ജെന്‍സി പിള്ളേര്‍. അവരുടെ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. നേപ്പാളിലെ യുവതീയുവാക്കള്‍ നേരിടുന്ന അനവധി പ്രതിസന്ധികളായിരുന്നു ആ പ്രതിഷേധത്തിലേക്ക് നയിച്ചത്. നേപ്പാളില്‍ കാലങ്ങളായി അവര്‍ നേരിട്ടിരുന്ന അഴിമതി, തൊഴിലില്ലായ്മ, ധൂര്‍ത്ത് അങ്ങനെയങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളായിരുന്നു അതിന് പിന്നില്‍. അവരുടെ പ്രതിഷേധാഗ്നിക്ക് മുന്നില്‍ മുട്ടുമടക്കി പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു.
പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതികരണശേഷിയില്ലാത്ത തലമുറയാണ് പുതിയ കാലഘട്ടത്തിന്റേതെന്നും സാമൂഹിക ബോധം കുറവാണ് അവര്‍ക്കുമെന്ന് പറഞ്ഞിരുന്നവര്‍ക്കുള്ള ഉത്തരമാണ് നേപ്പാളിലെ യുവജനങ്ങള്‍. അവരുടെ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചതോ പല ഇന്റര്‍നാഷണല്‍ മീഡിയകളിലും ഇതിനോടകം തന്നെ ഹെഡ് ലൈനായി മാറിയ ഒരു യുവാവ്. നേപ്പാളിലെ യുവ തലമുറയെ സംഘടിപ്പിച്ച് ശക്തിയുക്തം അനീതികളെ ചോദ്യം ചെയ്ത ഒരു ചുണകുട്ടി, സുഡാന്‍ ഗുരുങ്ങെന്ന ചെറുപ്പകാരന്‍. സുഡാന്‍ ഒരു ആക്ടിവിസ്റ്റാണ്. 2015 ല്‍ നേപ്പാളില്‍ നടന്ന ഭൂകമ്പത്തില്‍ തന്റെ കുട്ടിയെ നഷ്ടപ്പെട്ടതിനുശേഷമാണ് പൗരപ്രവര്‍ത്തനങ്ങളിലേക്ക ഗുരുങ്ങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുഞ്ഞിന്റെ വേര്‍പാട് അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. തന്റെ വേദന മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് അയാള്‍ വിശ്വസിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും യുവാക്കളുടെ പ്രശ്‌നങ്ങളിലും സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അത് തന്നെയാണ് ഗുരുങ് ഇന്ന് നേപ്പാള്‍ പ്രതിഷേധത്തിന്റെ മുഖമായി മാറാനുള്ള കാരണവും. പൗര പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്ന യുവജന കേന്ദ്രീകൃത എന്‍ജിഒയായ ഹാമി നേപ്പാളിന്റെ പ്രസിഡന്റായ 36 കാരനാണ് ഇന്ന് സുഡാന്‍ ഗുരുങ്ങ്. നേപ്പാളിലെ അഴിമതിയും തൊഴിലില്ലായ്മയും അയാള്‍ സോഷ്യല്‍ മീഡിയ വഴി യുവാക്കളോട് ചര്‍ച്ച ചെയ്തു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു. പ്രകടനങ്ങളില്‍ സ്‌കൂള്‍ യൂണിഫോം ധരിക്കാനും പുസ്തകങ്ങള്‍ കൊണ്ടുപോകാനും അവരോട് നിര്‍ദ്ദേശിച്ചു. അക്രമാസക്തമായ പ്രതിഷേധങ്ങളെ സമാധാനപരവും എന്നാല്‍ പ്രതീകാത്മകവുമായ പ്രതിഷേധമാക്കി അയാള്‍ റാലികളെ മാറ്റി. നിരവധി വിഷയങ്ങളില്‍ യുവാക്കളുമായി ബന്ധം നിലനിര്‍ത്താനും അവരെ ബോധവത്കരിക്കാനും ഗുരുങ് ഡിജിറ്റല്‍ യുഗ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഒടുവില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സോഷ്യല്‍ മീഡിയ നിരോധനത്തെത്തുടര്‍ന്ന് ഈ ലളിതമായ പ്രതിഷേധം ഒരു ബഹുജന പ്രസ്ഥാനമായി മാറ്റിയതില്‍ സുഡാന്‍ ഗുരുങ്ങിന്റെ സ്ഥാനം വളരെ വലുതാണ്. ചിലപ്പോള്‍ ചില വേദനകള്‍ നമ്മളെ കൂടുതല്‍ ശക്തരാക്കുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ… അത്തരത്തില്‍ തനിക്കുണ്ടായ വേദനയില്‍ നിന്നാരംഭിച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ഗുരുങ് തുടരുകയാണ്. അങ്ങനെ കണ്ഠമിടറി അയാള്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഇന്ന് ഏറ്റുവിളിക്കുന്നത് ആയിരകണക്കിന് യുവജനങ്ങളാണ്.
Content Highlights-The face of Nepal's Jency struggle; Who is Sudan Gurung?