കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന; വി സി ബി അശോകിന്റെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

വി സിയുടെ വീട്ടിലേക്കും ഇന്ന് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന; വി സി ബി അശോകിന്റെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം
dot image

തിരുവനന്തപുരം: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി അശോകിനെ തടയാന്‍ ശ്രമിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരം തമ്പാവൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ റെയിൽവെ സ്റ്റേഷനിൽ നിന്നും പൊലീസ് സുരക്ഷയില്‍ വി സി കാറിലേക്ക് കയറി. റെയില്‍വെ സ്റ്റേഷന് പുറത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വി സിയുടെ വീട്ടിലേക്കും ഇന്ന് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വീടിനുമുന്നില്‍ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. മുപ്പതോളം വരുന്ന പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സംഭവത്തില്‍ ജില്ലാ സെക്രട്ടറി അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ജില്ലാ സെക്രട്ടറി നന്ദന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആഷിക്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏതാനും ആഴ്ചകളായി ഫീസ് വര്‍ധനവില്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല.

കാര്‍ഷിക സര്‍വകലാശാലയിലെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള സെമസ്റ്റര്‍ ഫീസ് ആണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കുത്തനെ ഉയര്‍ത്തിയത്. പിഎച്ച്ഡി വിദ്യാര്‍ഥികളുടെ സെമസ്റ്റര്‍ ഫീസ് 18,780രൂപയില്‍ നിന്നും 49,990 ആയും പിജി വിദ്യാര്‍ഥികളുടേത് 17,845ല്‍ നിന്ന് 49,500 ആയും ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് 12,000ത്തില്‍ നിന്ന് 48,000വും ആയും ഉയര്‍ത്തികൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.

Content Highlights: Agricultural University fee hike SFI protests by blocking VC B Ashok's vehicle

dot image
To advertise here,contact us
dot image