
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി സര്‍ക്കാരിനെതിരെ ചാരവൃത്തി ആരോപണവുമായി കോണ്‍ഗ്രസ്. നിയമസഭയ്ക്കുള്ളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ബിജെപി നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തുനിന്നുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. വിഷയം ഉയര്‍ത്തി നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ എംഎല്‍എമാര്‍ വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടത്.
പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലിയാണ് ചോദ്യോത്തര വേളയില്‍ വിഷയം ഉയര്‍ത്തിയത്. വിഷയത്തില്‍ സ്പീക്കര്‍ വസുദേവ് ദേവ്‌നാനി റൂളിംഗ് പുറപ്പെടുവിക്കണമെന്നും ടിക്കാറാം ജൂലി ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം പരിഗണിക്കാമെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇതോടെ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണക്കണമെന്ന ആവശ്യവുമായി ടിക്കാറാം ജൂലി വീണ്ടും രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാതെ സഭാ നടപടികളോട് സഹകരിക്കില്ലെന്നും ടിക്കാറാം ജൂലി വ്യക്തമാക്കി.
എന്നാൽ സഭയിൽ ക്യാമറകളുടെ നവീകരണമാണ് നടപ്പിലാക്കുന്നതെന്നതെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. ഇതോടെ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ നവീകരണമല്ല സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് ടിക്കാറാം ജൂലി തിരിച്ചടിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്താണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ടിക്കാറാം ജൂലി ആരോപിച്ചു. ഇതിന് പുറമേ മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ വസുന്ധരെ രാജെയും നിരീക്ഷണത്തിലാണെന്ന ആരോപണവും ടിക്കാറാം ജൂലി ഉയര്‍ത്തി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വസുന്ധരെ രാജെ നിയമസഭയില്‍ എത്തിയപ്പോള്‍ ആരൊക്കെ അവരെ സന്ദര്‍ശിച്ചു എന്ന കാര്യം നിരീക്ഷിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിന്നാലെ ബിജെപി അധികാരത്തിലെത്തിയതോടെ ഭരണത്തകര്‍ച്ച ഉണ്ടായെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. നിയമസഭാ നടപടികളുടെ കാര്യത്തിലല്ല മറിച്ച് പ്രതിപക്ഷത്തെ ക്യാമറവെച്ച് നിരീക്ഷിക്കുന്ന കാര്യത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത് ജനാധിപത്യത്തിന് അപകടകരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ജൊഗാര പട്ടേല്‍ പറഞ്ഞു. വസുന്ധരെ രാജെയെ എന്നല്ല ആരെയും നിരീക്ഷിക്കുന്നില്ലെന്ന് ജൊഗാര പട്ടേല്‍ പറഞ്ഞു. നിയമസഭാ മന്ദിരം സ്ഥാപിക്കുമ്പോള്‍ തന്നെ ഈ ക്യാമറകളുണ്ട്. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ജൊഗാര പട്ടേല്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും വാക്കേറ്റമുണ്ടായി.
വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ ഇറങ്ങി. പതിനഞ്ച് മിനിറ്റോളം സഭയ്ക്ക് അകത്ത് പ്രതിഷേധം തുടര്‍ന്നു. ഇതിന് ശേഷം പ്രതിപക്ഷ എംഎല്‍എമാര്‍ സഭ വിട്ടു. സര്‍ക്കാരിനെതിരെ ബാനര്‍ ഉയര്‍ത്തി സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു.
Content Highlights: Cong protests over cameras near Oppn benches in Raj House