
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ മേക്കിങ്ങിനും കല്യാണിയുടെ പ്രകടനത്തിനും സിനിമയിലെ കാമിയോ റോളുകൾക്കും എല്ലാം മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. സിനിമയിൽ ചാത്തന്റെ വേഷത്തിലാണ് ടൊവിനോ എത്തിയത്. സിനിമ അവസാനിക്കുമ്പോൾ രണ്ടാം ഭാഗം ചാത്തന്റെ കഥ ആയിരിക്കും പറയുക എന്ന സൂചനയും നൽകിയിരുന്നു. ഇപ്പോഴിതാ ഇത് ഉറപ്പിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ പങ്കുവെച്ച ഒരു സ്റ്റോറിയിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
'അടുത്തത് നിന്റെ ഊഴമാണ് ടൊവീ, സിനിമയുടെ ക്യാപ്റ്റനോടുള്ള ദൃഢമായ ബന്ധത്തിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് ശാന്തി ബാലചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. 'നുമ്മ പൊളിക്കും' എന്ന ക്യാപ്ഷനോടെ ടൊവിനോ ഈ സ്റ്റോറി റീഷെയർ ചെയ്തിട്ടുമുണ്ട്. ഇതോടെയാണ് അടുത്തത് ചാത്തന്റെ വരവാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുന്നത്.
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. അഞ്ചു ഭാഗങ്ങളായാണ് ലോക ഒരുങ്ങുന്നത്. സിനിമയ്ക്ക് ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്.
കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും, അക്ഷയ് കുമാറും സിനിമയെ പ്രശംസിച്ചിരുന്നു.
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content highlights: Tovino to star in Lokah Part 2