
അത്യാഹിത ഘട്ടങ്ങളിൽ നമ്മൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് വളരെ പ്രധാനമാണല്ലേ. നമ്മുടെ മനോധൈര്യവും നമ്മൾ എങ്ങനെ ആ സാഹചര്യത്തോട് പെരുമാറുന്നുവെന്നതൊക്കെ ആ വ്യക്തിയുടെ മനസാനിധ്യത്തെ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലുധിയാനയിൽ നടന്നത്.
ജലന്ധർ ബൈപാസിലെ ദേശീയപാതയിൽ നടന്ന കവർച്ച ശ്രമത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ഓട്ടോയിൽ നിന്ന് തൂങ്ങികിടന്ന് നിലവിളിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് അത്. ഓട്ടോയിൽ വന്ന സംഘത്തിലെ മൂന്ന് പേർ ഒരു സ്ത്രീയുടെ ജീവൻ അപകടത്തിലാക്കും വിധം കവർച്ച നടത്തുന്നതാണ് വീഡിയോ. കവർച്ചയിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീ ഓടുന്ന ഓട്ടോയിൽ തൂങ്ങി നിൽക്കുന്നതായി കാണാം. ഓട്ടോയിൽ തൂങ്ങിക്കിടക്കുന്ന സ്ത്രീയുടെ വീഡിയോ പിന്നിൽ വന്ന കാറിലെ യാത്രക്കാർ പകർത്തി. പിന്നാലെയുണ്ടായ യാത്രക്കാരുടെ പെട്ടെന്നുള്ള ഇടപെടൽ സ്ത്രീയെ രക്ഷിച്ചു. തുടർന്ന് കണ്ടുനിന്നവർ പ്രതികളിൽ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
എന്താണ് സംഭവിച്ചത് ?
Police say this woman showed remarkable courage on the Phillaur–Ludhiana highway as she foiled a robbery attempt inside a moving auto. Clinging to the vehicle to save herself, she triggered the auto’s overturn, leading to the arrest of 2 robbers.
— Rahul Shivshankar (@RShivshankar) September 10, 2025
FACT IS STRANGER THAN FICTION. pic.twitter.com/J0cSrtxNvD
ജലന്ധർ ബൈപാസ് ചൗക്കിൽ നിന്ന് ഫില്ലൗറിലേക്ക് ഓട്ടോയിൽ കയറിയതായിരുന്നു മീന എന്ന യുവതി. ഡ്രൈവറെ കൂടാതെ മറ്റ് രണ്ട് യാത്രക്കാർ കൂടി ഈ സമയം ഓട്ടോറിക്ഷയിലുണ്ടായിരുന്നു. യുവതിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായതോടെ ഇവരിൽ ഒരാൾ ഓട്ടോയുടെ വേഗത കുറയ്ക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി. പന്തികേട് മനസിലാക്കിയെങ്കിലും യുവതിക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത രീതിയിൽ ആദ്യം പിൻസീറ്റിൽ ഇരുന്നിരുന്ന രണ്ട് പേർ സ്ത്രീയെ കടന്നു പിടിച്ചു. കരഞ്ഞുവിളിച്ചിട്ടും ഓട്ടോ നിർത്താതെ വന്നപ്പോൾ ഡ്രൈവറും തട്ടിപ്പ് സംഘത്തിലുള്ളതാണെന്ന് യുവതി മനസിലാക്കി. പിന്നാലെ കവർച്ചക്കാർ മീനയുടെ കൈകൾ കെട്ടിയിട്ട് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നിരുന്നാലും, സ്ത്രീ അസാമാന്യമായ ധൈര്യം കാണിച്ച് നിലവിളിക്കാൻ തുടങ്ങി, വഴിയാത്രക്കാരന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തൂങ്ങികിടന്ന് രക്ഷയ്ക്കായി കരഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രകാർ പൊടുന്നനെ ഓട്ടോയെ വട്ടം വെച്ച് പിടികൂടി യുവതിയെ രക്ഷപ്പെടുത്തി. കൊള്ളക്കാരിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അസാമാന്യ ധൈര്യത്തിന് വലിയ കൈയ്യടികളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
Content Highlights- Robbery attempt on a moving auto; Woman hangs and screams, finally rescued by passengers